തിരുവനന്തപുരം : കേരളം ഭരിക്കുന്നത് ഭീരുക്കളാണെന്നും സര്‍ക്കാരിന് എല്ലാത്തിനേയും പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും കേസ് വരുമ്പോള്‍ ലോകായുക്തയുടെ പല്ലും നഖവും എടുക്കുകയാണ്. ലോകായുക്തയുടെ വിധിയില്‍ തെറ്റുണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നിരിക്കേ എന്തിനാണ് ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
കേരളത്തിലെ സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമായി റിസര്‍വ് ചെയ്തിരിക്കുകയാണ്. അക്കാദമിക നിലവാരമുള്ളരെ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട ഏര്‍പ്പാട് സിപിഎം നിര്‍ത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരണത്തിലിരിക്കുമ്പോഴാണ് സര്‍വകലാശാലകളിലെ നോണ്‍ ടീച്ചിങ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. ഇതോടെ അഴിമതി ഇല്ലാതായി. അതുപോലെ അധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സ്ഥിതി പേടിച്ച് വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇവിടെ പഠിക്കാതെ വിദേശത്തേക്കും മറ്റും പോകുകയാണ്. അവിടെ പഠിക്കുകയും ജോലി നേടി അവിടെ തന്നെ താമസമാക്കുകയും ചെയ്യുന്നു. കേരളത്തിന് കിട്ടേണ്ട വിഭവശേഷി ഇങ്ങനെ നഷ്ടപ്പെടുന്നു. രാഷ്ട്രീയ അധിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.