സൂപ്പർഹിറ്റ് ചിത്രം ‘ഫോറൻസിക്കിനു’ ശേഷം സംവിധായകർ അഖിൽ പോൾ–അനസ് ഖാൻ നിർമാതാവ് രാജു മല്ല്യത്ത്, ടൊവിനോ തോമസ് എന്നിവർ വീണ്ടും ഒന്നിക്കുന്നു. ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്റെ പേര്. മഡോണ സെബാസ്റ്റ്യൻ നായികയായി എത്തുന്നു.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമാണം. ആക്‌ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂർ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നടക്കും. 2023–ൽ ചിത്രം തിയറ്ററുകളിൽ എത്തും.
അഖിൽ പോൾ–അനസ് ഖാൻ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത സിനിമയാണ് ഫോറൻസിക്. സൈക്കളോജിക്കൽ ത്രില്ലറായ സിനിമയിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്. തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെ വലുതാണ്.