തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളില്‍ ഓപ്പണ്‍ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യന്‍ എ ടീമുകള്‍ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. ഓപ്പണ്‍ വിഭാഗത്തില്‍ ബി ടീം ജര്‍മനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും.
വനിതാ വിഭാഗത്തിലെ ബി ടീം സ്‌ളോവേക്കിയയുമായും സി ടീം കസാഖിസ്ഥാനുമായാണ് മത്സരിയ്ക്കുക. ഇന്നു രാവിലെ പത്തു മണിയ്ക്കാണ് പതിനൊന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
കഴിഞ്ഞ മാസം ജൂലൈ 28ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, നടന്‍ രജനികാന്ത്, എ.ആര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.