ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് 2022: ഇന്ന് വോട്ടെടുപ്പ്,

0
68

ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് രാത്രിയോടെ തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനും ഉണ്ടാകും.

എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷ ത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുമാണ് മത്സരരംഗത്തുള്ളത്. അതേസമയം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും എന്ന് പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

മാര്‍ഗരറ്റ് ആല്‍വയുടെ പേര് സംയുക്ത സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുമ്പോള്‍ കുടിയാലോചിച്ചില്ലെന്നാണ് മമത ബാനര്‍ജി ആരോപിക്കുന്നത്. ലോക്സഭയില്‍ 23 ഉം രാജ്യസഭയില്‍ 16 ഉം എം പിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്.

ലോക്സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 91 അംഗങ്ങളും ബി ജെ പിക്ക് മാത്രം ഉണ്ടെന്നിരിക്കെ 515-ലധികം വോട്ടുകള്‍ ജഗ്ദീപ് ധന്‍ഖറിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനതാദള്‍ (യുണൈറ്റഡ്), വൈ എസ് ആര്‍ സി പി, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന, ടി ഡി പി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

മറുവശത്ത് മാര്‍ഗരറ്റ് ആല്‍വയ്ക്ക് 200ല്‍ അധികം വോട്ടുകള്‍ ലഭിച്ചേക്കും. പ്രാദേശിക പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്), ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) എന്നിവയുടെ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എ ഐ എം ഐ എമ്മും പിന്തുണ നല്‍കിയിട്ടുണ്ട്.

നിലവിലെ ഉപരാഷ്ടപതി വെങ്കയ്യ നായിഡു ഈ മാസം 10 നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ടപതി 11 നു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വ മുമ്പ് ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യ, യുവജന, കായിക, വനിതാ ശിശു വികസന വകുപ്പുകളുടെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവാണ് 71 കാരനായ ജഗ്ദീപ് ധന്‍ഖര്‍. പശ്ചിമ ബംഗാള്‍ ഗവര്‍ണറായതോടെയാണ് ജഗ്ദീപ് ധന്‍ഖര്‍ എന്ന പേര് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സംസ്ഥാനത്ത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് നേരിട്ട് ഏറ്റുമുട്ടി ധന്‍ഖര്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here