തരൂർ പുതിയ രാഷ്ട്രീയനീക്കത്തിന് തയ്യാറാകുമോ?

0
55

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണം കാത്ത് തുടർ രാഷ്ട്രീയനീക്കങ്ങൾക്കായി ശശി തരൂർ. വീണ്ടും മത്സരിക്കുമെന്ന സൂചന ഇടക്ക് നൽകിയെങ്കിലും സിഡബ്ള്യൂസി തീരുമാനത്തിനനുസരിച്ചാകും അന്തിമനിലപാട്. അതിനിടെ ചെങ്കോലിനെ അനുകൂലിച്ചുള്ള പ്രസ്താവന പാർട്ടിനേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചു.

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിച്ചും സംസ്ഥാനത്തുടനീളം പരിപാടികളിൽ പങ്കെടുത്തും നേതൃത്വത്തെ വെല്ലുവിളിച്ച തരൂർ. തരൂർ കോൺഗ്രസ് വിടുമോ എന്ന അഭ്യൂഹം ഏറെ നാളായി ശക്തമാണ്. പക്ഷെ റായ്പ്പൂർ പ്ലീനറി സമ്മേളനശേഷം തരൂർ കാത്തിരിക്കുകയായിരുന്നു. പ്രവർത്തക സമിതിയിൽ ഇടമാണ് പ്രതീക്ഷ. പക്ഷെ പ്ളീനറി കഴിഞ്ഞും തീരുമാനം നീളുന്നതിൽ തരൂർ അതൃപ്തനാണ്. ഒപ്പം നിർത്താനുള്ള നീക്കങ്ങൾ നേതൃത്വത്തിൽ നിന്നും വരാത്തതിലും അസംതൃപ്തൻ. ഇടക്ക് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡല യോഗങ്ങളിൽ സജീവമായ തരൂർ നൽകിയത് വീണ്ടും മത്സരിക്കുമെന്ന സൂചന. പക്ഷെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ചെങ്കോലിനെ തുണച്ച പ്രസ്താവന വീണ്ടും പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ അമ്പരപ്പ്. എന്താണ് തരൂരിന്റെ നീക്കമെന്നാണ് ചോദ്യം.

പാരമ്പര്യചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറയുന്നതിനപ്പുറം ബിജെപി പിന്തുണയായി നിലപാടിനെ കാണേണ്ടെന്നാണ് തരൂർ ക്യാമ്പ് വിശദീകരണം. പക്ഷെ സംസ്ഥാന നേതാക്കൾ കടുത്ത വിമർശനം പരസ്യമാക്കിക്കഴിഞ്ഞു. മണ്ഡലം യോഗങ്ങളിൽ പങ്കെടുത്ത് പോയതിനപ്പുറം തലസ്ഥാനത്ത് എംപി സജീവമാകുന്നില്ലെന്ന പരാതി ജില്ലയിലെ പാർട്ടിക്കാർ ശക്തമാക്കുന്നു. അപ്പോഴും ബിജെപിയുടെ പ്രതീക്ഷാ പട്ടികയിൽ ഒന്നാമതുള്ള മണ്ഡലത്തിൽ ജയിക്കാൻ തരൂർ വേണമെന്ന നിലപാടിൽ തന്നെയാണ് ജില്ലയിലെയും സംസ്ഥാനത്തെയും കോൺഗ്രസ് നേതാക്കൾ. എംപിമാർ എല്ലാം വീണ്ടും മത്സരിക്കാനാണ് ലീഡേഴ്സ് മീറ്റ് ആഹ്വാനമെങ്കിലും തരൂരിൻ്റെ സംശയങ്ങൾ തീർന്നിട്ടില്ല. സിഡബ്ള്യുസി തീരുമാനമനുസരിച്ചാകും മത്സരസാധ്യത. തഴഞ്ഞാൽ മത്സരിക്കാതിരിക്കാനും സാധ്യതയേറെ. കോൺഗ്രസ്സുമായി ഉടക്കി തരൂർ പുതിയ രാഷ്ട്രീയനീക്കത്തിന് തയ്യാറാകുമോ. അതോ ബിജെപി റാഞ്ചുമോ, ഇടത് പിന്തുണയോടെ സ്വതന്ത്രനാകുമോ അങ്ങിനെ ചർച്ചകൾ പലതാണ്. അഭ്യൂഹങ്ങളെല്ലാം തള്ളി തരൂർ ഇപ്പോഴും അടിമുടി കോൺഗ്രസ് തന്നെയെന്ന് അനുകൂലികൾ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here