ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് സുവര്‍ണ ശോഭ നല്‍കി നാല് താരങ്ങള്‍ ഫൈനലില്‍ കടന്നു.
നിലവിലെ ചാമ്ബ്യന്‍ നിഖാത് സരിന്‍, ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, , കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്ബ്യന്‍ നീതു ഘന്‍ഘാസ്, ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുള്ള സവീതി ബൂറ എന്നിവരാണ് ഇന്നലെ ഫൈനലുറപ്പിച്ചത്.
50 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയക്കെതിരെ 5-0ത്തിന്റെ ഏകപക്ഷീയ ജയം നേടിയാണ് നിഖാത് ആധികാരികമായി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പിനു പുറമെ കഴഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ 26കാരിയായ നിഖാത് സെമിയില്‍ ഇന്‍ഗ്രിറ്റിന് ഒരവസരവും നല്‍കിയില്ല.
75 കിലോ വിഭാഗത്തില്‍ ചൈനയുടെ ലി ക്വിയാനെ സെമിയില്‍ 4-1ന് വീഴ്ത്തിയാണ് ലവ്‌ലിന തന്റെ കരിയറിലെ ആദ്യ ലോകചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയത്. നേരത്തേ രണ്ട് തവണ ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ വെങ്കലം നേടിയിട്ടുണ്ട് ലവ്‌ലിന. ടോക്കിയോ ഒളിമ്ബിക്സിലെ വെള്ളിമെഡല്‍ ജേതാവായ ലിയെ ഏറെക്കുറെ ഏകപക്ഷീയമായാണ് ലവ്‌ലിന വീഴ്ത്തിയത്.
81 കിലോ വിഭാഗത്തില്‍ സവീതി വാശിയേറിയ സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ സ്യൂ എമ്മ ഗ്രീന്‍ട്രീയെ കീഴടക്കിയാണ് (4-3) ഫൈനലിലെത്തിയത്. കഴിഞ്ഞ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് സവീതി. 2014ലാണ് ലോകചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടിയത്.
48 കിലോ ഗ്രാം വിഭാഗം സെമിയില്‍ കസഖ്സ്ഥാന്റെ അല്യുവ ബല്‍കിബിക്കോവയെ ഇടിച്ചു തകര്‍ത്താണ് നീതു ഫൈനലുറപ്പിച്ചത്. പിന്നില്‍ നിന്ന് പൊരുതിക്കയറിയായിരുന്നു നീതു 5-2ന്റെ വിജയവും ഫൈനല്‍ യോഗ്യതയും സ്വന്തമാക്കിയത്.
തുടര്‍ച്ചയായ മൂന്ന് ആര്‍.എസ്.സി (റഫറി സ്റ്റോപ്സ് കോണ്ടസ്റ്ര്) വിജയങ്ങളുമായി സെമിയിലെത്തിയ നീതു നിലവിലെ ഏഷ്യന്‍ ചാമ്ബ്യനായ അല്യുവയ്ക്കെതിരെയും മികവ് തുടരുകയായിരുന്നു.കഴിഞ്ഞ ലോക ചാമ്ബ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ അല്യുവയ്ക്കെതിരെ നേരിട്ട തോല്‍വിക്കുള്ള പകരം വീട്ടല്‍കൂടിയായി നീതുവിന് ഈ ജയം. നേരത്തേ ലോക യൂത്ത് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ട് തവണ സ്വര്‍ണം നേടിയിട്ടുണ്ട് നീതു.