ശ്രീലങ്കയില്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളമ്പോ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസർ ജീപ്പ് അതേ ദിശയില്‍ പോകുകയായിരുന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്നറുമായി ഇടിച്ച വാഹനം റോഡിലെ ഗാർഡ്‌റെയിലിലും ഇടിച്ചു.
പൊലീസ് കോണ്‍സ്റ്റബിള്‍ ജയകൊടിയാണ് മരണപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 2015 മുതല്‍ പുട്ടാളം മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സനത് നിഷാന്ത. എസ് എല്‍ പി പി പാർട്ടിയുടെ അംഗമായ അദ്ദേഹം യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സിന്റെ ഭാഗമായാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആക്രമണ കേസില്‍ നിരവധി തവണ അറസ്റ്റിലായ വ്യക്തി കൂടിയാണ് സനത് നിശാന്ത.
2008-ൽ അദ്ദേഹവും സഹോദരൻ ജഗത് സാമന്തയും ചേർന്ന് അന്നത്തെ ആരാച്ചിക്കട്ടുവ ഡിവിഷൻ സെക്രട്ടറിയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും 2015-ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അദ്ദേഹവും അനുയായികളും ചേർന്ന് സ്ഥാനാർത്ഥി മൈത്രിപാല സിരിസേനയുടെ ഓഫീസ് തകർക്കുകയും അനുയായികളെ ആക്രമിക്കുകയും ചെയ്തിരുന്നു.