ചികിത്സാ ചെലവ് താങ്ങാനാകില്ല; നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടി മാതാപിതാക്കള്‍

0
63

അഹമ്മദാബാദ്: ഗുജറാത്തില്‍ നവജാതശിശുവിനെ ജീവനോടെ കുഴിച്ച് മൂടിയത് മാതാപിതാക്കള്‍ തന്നെ. മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മനുഷ്യത്വരഹിതമായ നടപടി മാതാപിതാക്കള്‍ ചെയ്തത്. പൊലീസിനോട് മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചു. ഭിലോദ താലൂക്കിലെ നന്ദസന്‍ ഗ്രാമത്തില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മ മഞ്ജുള ബജാനിയ പെണ്‍കുട്ടിയെ കുഴിച്ചിട്ടതാണെന്ന് സമ്മതിച്ചതായും ഭര്‍ത്താവ് സൈലേഷ് ഇതിന് കൂട്ടുനിന്നതായും സബ്രകാന്ത ജില്ലാ പോലീസ് സൂപ്രണ്ട് വിശാല്‍ വഗേല മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ സബര്‍കന്ത് ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ കര്‍ഷകനായ ജിതേന്ദ്ര സിങ് ധാബിയാണ് മണ്ണിനടിയില്‍ നിന്ന് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

ഐ പി സി സെക്ഷന്‍ 307 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, പെണ്‍കുഞ്ഞിനെ കുഴിച്ചിട്ട പ്രതികളെ കണ്ടെത്താന്‍ പോലീസ് മൂന്ന് ടീമുകളെ രൂപീകരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ദമ്പതികള്‍ ഗ്രാമം വിട്ടിരുന്നു. ബുധനാഴ്ച രാത്രി വൈകിയാണ് ഇവരെ പിടികൂടിയത്. ഗാന്ധിനഗര്‍ ജില്ലയില്‍ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന ശൈലേഷിന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഗര്‍ഭിണിയായ മഞ്ജുള ഗംഭോയിയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

7.5 മാസം ഗര്‍ഭിണിയായ മഞ്ജുള ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് പ്രായപൂര്‍ത്തിയാകാത്തതും ഭാരം കുറവുമായതിനാല്‍ ചികിത്സാ ചെലവ് ഭയന്ന് ദമ്പതികള്‍ അവളെ കുഴിച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞ് നിലവില്‍ ഹിമത്നഗര്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഇവര്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 317 (കുട്ടിയെ ഉപേക്ഷിക്കല്‍) എന്നീ വകുപ്പ് കൂടി ചേര്‍ത്ത് കോസെടുത്തിട്ടുണ്ട്. ദമ്പതികളെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here