ന്യൂഡൽഹി: മലേഷ്യക്ക് 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന് പ്രതിരോധ മന്ത്രാലയം. മലേഷ്യക്ക് പുറമേ അർജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനങ്ങങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 18 ജെറ്റുകൾ വാങ്ങാനുള്ള റോയൽ മലേഷ്യൻ എയർഫോഴ്സിന്റെ താല്പര്യത്തോട് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.
അർജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയാണ് വിമാനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാർലമെന്റ് അംഗങ്ങളോട് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. ഒരു സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് (stealth fighter jet) നിർമിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അതിന്റെ സമയക്രമം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുയുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മലേഷ്യയുടെ പദ്ധതിയിൽ ഇന്ത്യയുടെ ‘തേജസി’ന് മുഖ്യ പരിഗണനയുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ലോകത്തെ മുൻനിര വിമാനനിർമാതാക്കളെ പിന്തള്ളിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) തേജസ് യുദ്ധവിമാനത്തിന് മലേഷ്യയുടെ പ്രഥമപരിഗണന ലഭിച്ചതെന്ന് കമ്പനിയുടെ ചെയർമാൻ പറഞ്ഞിരുന്നു.