ഇടുക്കി: മൂന്നാർ നയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവ കുടുങ്ങി. ദിവസങ്ങളായി നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കി ഭീതി പടർത്തിയ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. മൂന്നിടങ്ങളിലാണ് വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചത്. രാത്രി എട്ടരമണിയോടെയാണ് കടുവയെ പിടികൂടിയത്. കടുവയുടെ ആരോഗ്യ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്.
എവിടേക്ക് കടുവയെ തുറന്നുവിടുമെന്നതാണ് സങ്കീർണമായ പ്രശ്നം. ആരോഗ്യ കാര്യങ്ങൾ പരിശോധിക്കുന്ന കമ്മിറ്റി പ്രധാനമായും കണ്ടെത്താൻ ശ്രമിക്കുന്നത് കാട്ടിലേക്ക് തുറന്നുവിട്ടാൽ സ്വമേധയാ ജീവിക്കാനുള്ള ശേഷി ഉണ്ടോ എന്നതാണ്. മൂന്നാറിൽ ജനവാസ മേഖലയായതിനാൽ തന്നെ അതിനോട് ചേർന്നുള്ള കാട്ടിൽ തുറന്ന് വിട്ടാൽ വീണ്ടും എത്തിയേക്കുമോ എന്ന ആശങ്കയുണ്ട്.
തേക്കടിയിലെ പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിടാനുള്ള സാധ്യത പരിശോധിക്കും. നയമക്കാട് മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പത്തോളം പശുക്കളെ കൊന്നിരുന്നു. അസാധാരണമായി പെരുമാറുന്ന സ്വഭാവമാണ് കടുവ പ്രകടിപ്പിച്ചിരുന്നത്. നയമക്കാട് നിന്ന് കടലാർ മേഖലയിലേക്ക് പോയ ശേഷം തിരികെ വരികയായിരുന്നുവെന്നാണ് അനുമാനം.