കിഫ്ബി വായ്പയിൽ വാങ്ങിയ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരേ കെ.എസ്.ആർ.ടി.സി.യിൽ പ്രതിഷേധം ശക്തം. ഉദ്ഘാടം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളിൽ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സി.ഐ.ടി.യു. പ്രഖ്യാപിച്ചപ്പോൾ ബി.എം.എസും ടി.ഡി.എഫും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. പ്രതിഷേധമൊഴിവാക്കാൻ കുടിശ്ശികശമ്പളം നൽകാമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്തെങ്കിലും യൂണിയനുകൾ വഴങ്ങിയില്ല.
ഇടതുപക്ഷസംഘടനയായ സി.ഐ.ടി.യു. ബസുകൾ തടയാൻ രംഗത്തിറങ്ങിയത് മാനേജ്മെന്റിനും സർക്കാരിനും ക്ഷീണമായി. ഉദ്ഘാടനവേദിയിലെ പ്രതിഷേധം ഒഴിവാക്കുന്നതിനാണ് മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളെ ചർച്ചയ്ക്ക് വിളിച്ചത്. ജൂണിലെ ശമ്പളക്കുടിശ്ശിക ഉടൻ തീർക്കാമെന്നും ജൂലായ് മുതൽ മുടക്കമില്ലാതെ ശമ്പളം നൽകാമെന്നും ചർച്ചതുടങ്ങവേ സി.എം.ഡി. ബിജുപ്രഭാകർ അറിയിച്ചു. ഓഗസ്റ്റ് 10-ന് മുമ്പ് ശമ്പളക്കുടിശ്ശിക പൂർണമായും തീർക്കുമെന്നും വാഗ്ദാനംചെയ്തു.
പലതവണ ഇക്കാര്യം ഉറപ്പുനൽകിയിട്ടും മാനേജ്മെന്റ് പാലിച്ചിട്ടില്ലെന്ന് തൊഴിലാളിനേതാക്കൾ തിരിച്ചടിച്ചു. ശമ്പളം നൽകിയിട്ട് മതി ഡ്യൂട്ടിപരിഷ്കരണം ഉൾപ്പെടെയുള്ളവ എന്ന നിലപാടിൽ പ്രതിപക്ഷസംഘടകൾ ഉറച്ചുനിന്നു. സിറ്റി സർക്കുലർ സ്വിഫ്റ്റിന് നൽകുന്ന തീരുമാനം ഒഴിവാക്കാൻ കഴിയില്ലെന്ന് സി.എം.ഡി. വ്യക്തമാക്കിയതോടെ യൂണിയൻനേതാക്കൾ പ്രതിഷേധം അറിയിച്ച് പുറത്തിറങ്ങി.
25 ഇലക്ട്രിക് ബസുകളാണ് വാങ്ങിയത്. 50 ഇലക്ട്രിക് ബസുകൾ ഇറക്കിയാൽ ഒരുമാസം ഡീസൽച്ചെലവിൽ 45 ലക്ഷം രൂപയുടെ ലാഭമുണ്ടാകുമെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നു. കരാർജീവനക്കാരെ നിയോഗിക്കുന്നതിനാൽ സ്വിഫ്റ്റിന് പ്രവർത്തനച്ചെലവും കുറവാണ്. ഇപ്പോഴത്തെ ഡീസൽ ബസുകൾ ഒരു കിലോമീറ്ററിന് 50 രൂപ നഷ്ടമാണുണ്ടാക്കുന്നത്. സിറ്റി സർക്കുലറിൽ 800 സ്ഥിരജീവനക്കാരാണുള്ളത്. വൈദ്യുതബസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയോഗിക്കുന്നതിനാൽ ഇവരെ പുനർവിന്യസിക്കാം. മറ്റു ജില്ലകളിൽനിന്നുള്ള 100 സ്ഥിരജീവനക്കാരെ തിരിച്ചയക്കുകയും ചെയ്യാമെന്ന് മാനേജ്മെന്റ് പറയുന്നു.