ഗുജറാത്തില്‍ പശുക്കളില്‍ വ്യാപക എല്‍എസ്ഡി വൈറസ് രോഗം:

0
96

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളില്‍ ലംബി സ്‌കിന്‍ ഡിസീസ് അഥവാ എല്‍എസ്ഡി വൈറസ് വ്യാപനം ശക്തമാവുന്നു. ആയിരക്കണക്കിന് പശുക്കളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ചത്തത്. പശുക്കളുടെ അഴുകിയ ശവങ്ങളുടെ ദുർഗന്ധവും കാരണം ഗ്രാമവാസികള്‍ അതീവ ദുരിതത്തിലൂടെയാണ് കടന്ന് പോവുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കച്ചിൽ ചത്ത പശുക്കളെ വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. സംസ്കരിക്കാനുള്ള വഴികൾ കണ്ടെത്താൻ മുനിസിപ്പാലിറ്റി പാടുപെടുമ്പോള്‍ തന്നെ ജില്ലാ ആസ്ഥാനമായ ഭുജിന് സമീപം തുറസ്സായ സ്ഥലത്ത് കിടക്കുന്ന നൂറുകണക്കിന് പശുക്കളുടെ വീഡിയോകൾ ശനിയാഴ്ച പുറത്തുവരികയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പശുക്കള്‍ ചത്തതും കച്ചിലാണ്.

രാജ്‌കോട്ടിലെയും ജാംനഗറിലെയും രോഗ ബാധിത ഗ്രാമങ്ങളിലും പശുക്കളുടെ ജഡങ്ങൾ ഓരോ ദിവസം കഴിയുന്തോറും കുമിഞ്ഞുകൂടുന്നുണ്ട്. മൂന്ന് ജില്ലകളിലായി കഴിഞ്ഞ ഒരു ദിവസമായി മൃതദേഹങ്ങൾ കുഴിച്ചിടാതെ കിടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. “സാധാരണയായി, ഞങ്ങൾ മൃതദേഹങ്ങൾ വേഗത്തിൽ സംസ്കരിക്കും, പക്ഷേ മഴ പെയ്താല്‍ മണ്ണ് നീക്കം ചെയ്യുന്നവർക്ക് പണിയെടുക്കാനുംകുഴികൾ കുഴിക്കാനും കഴിയില്ല”- ഭുജ് മുന്‍സിപ്പാലിറ്റി അധികൃതർ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം കച്ചിൽ 37,000 മൃഗങ്ങൾക്ക് എൽഎസ്ഡി ബാധിക്കുകയും 1,010 എണ്ണം മരിക്കുകയും ചെയ്തു. പ്രതിരോധ നടപടികളുടെ ഭാഗമായി 1.65 ലക്ഷം മൃഗങ്ങൾക്ക് സർക്കാർ വാക്സിനേഷൻ നൽകിയിട്ടുണ്ട്. എൽഎസ്ഡി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, സംസ്ഥാന സർക്കാർ 14 ജില്ലകളെ നിയന്ത്രിത പ്രദേശത്ത് ആക്കുകയും മൃഗങ്ങളുടെ കൈമാറ്റവും വ്യാപാരവും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായ മൃഗങ്ങളുടെ ശവശരീരങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ തള്ളുന്നത് നിയന്ത്രിച്ച് ജില്ലാ കളക്ടർമാരും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

 

രോഗം വളരെ അധികം വ്യാപന ശേഷി കൂടിയതാണ് എന്നുള്ളതാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പ്രധാനമായും തടസ്സമാവുന്നത്. മൃഗങ്ങളിൽ പ്രാണികൾ, ഈച്ചകൾ, കൊതുകുകൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. അതേസമയം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ പ്രവർത്തനങ്ങളും മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന നടപടികളും ശക്തമാക്കി വരികയാണ്. ‘മണ്ണുമാന്തി യന്ത്രം കുഴിയെടുത്ത് മൃതദേഹം സംസ്‌കരിക്കാൻ സമയമെടുക്കും. എന്നാൽ ഞങ്ങളുടെ ടീം തുടർച്ചയായി പ്രവർത്തിക്കുന്നു, കഴിയുന്നതും വേഗം ഞങ്ങൾ ജോലി പൂർത്തിയാക്കും. ജമാനഗറിലെ കലവാഡ് ടൗണിലും സമാനമായ പരാതികൾ അധികൃതരെ വലയ്ക്കുന്നുണ്ട്’- മുന്‍സിപാലിറ്റി ഉദ്യോഗസ്ഥനായ നിലേഷ് പർമർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here