കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴ് വർഷത്തെ തടവും താജുദ്ദീന് 6 വർഷത്തെ പിഴയുമാണ് ശിക്ഷ. പ്രതികൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്. നസീറിനും സാബിറിനും 1,75000 രൂപയും താജുദ്ദീന് 1, 10000 രൂപയുമാണ് പിഴതുക.
കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. മൂന്നുപേരും എൻഐഎ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചത്.നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് സൂചന. നേരത്തേ കുറ്റം സമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെഎ അനൂപിനെ കോടതി ആറുവർഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ തന്നെ ആരംഭിക്കും
2005 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികൾ ബസ് കത്തിച്ചത്. എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. ശേഷം യാത്രക്കാരെ ഇറക്കിവിട്ട് പെട്രോളൊഴിച്ച് ബസിന് തീ കൊളുത്തുകയായിരുന്നു.
തടിയന്റവിട നസീര്‍, കെ എ അനൂപ്, അബ്ദുള്‍ ഹാലിം, ഇസ്മായില്‍, മുഹമ്മദ് നവാസ്, സാബിര്‍ ബുഹാരി, താജുദീന്‍, ഉമര്‍ ഫാറൂഖ്, സൂഫിയ മഅദനി, കുമ്മായം നാസര്‍, മജീദ് പറമ്പായി, മുഹമ്മദ് സാബിര്‍, അബ്ദുള്‍ റഹിം, എന്നിന്നവരാണ് കേസിലെ പ്രതികൾ. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ 2019 ലാണ് തുടങ്ങിയത്.