33 ലക്ഷത്തിന്റെ ജോലി കിട്ടി, വയസ് 15 മാത്രമെന്നറിഞ്ഞപ്പോൾ കാത്തിരിക്കൂ എന്ന് കമ്പനി

0
71

മഹാരാഷ്ട്രയിലെ നാഗ്പൂർ നിവാസിയാണ് വേദാന്ത് ഡിയോകതെ. കോഡിങിൽ മിടുമിടുക്കൻ. സ്വന്തമായി ഒരു വെബ്സൈറ്റും ഉണ്ട്. ഒരു ദിവസം അമ്മയുടെ പഴയ ലാപ്‌ടോപ്പിലൂടെ ഇൻസ്റ്റാഗ്രാമിൽ തിരയുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ഒരു വെബ്‌സൈറ്റ് വികസന മത്സരത്തിന്റെ ലിങ്ക്. അതും, ചില്ലറ കമ്പനിയൊന്നുമല്ല, കോഡിങ് മത്സരത്തിന് ക്ഷണിച്ചിരിക്കുന്നത്. യുഎസിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു വമ്പൻ പരസ്യ ഏജൻസിയായിരുന്നു അത്. അതുകൊണ്ട് തന്നെ വേദാന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

പിന്നീട് രണ്ട് ദിവസം കുത്തിയിരുന്ന് 2,066 വരി കോഡ് എഴുതി, അയച്ചു കൊടുത്തു. ഒടുവിൽ ഫലം വന്നപ്പോൾ ഒന്നാമതെത്തിയത് അവൻ തന്നെയായിരുന്നു. ലോകമെമ്പാടുനിന്നും ആയിരത്തോളം ആളുകളാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് ഓർക്കണം. അവരെ എല്ലാം മറികടന്നാണ് അവൻ ഒന്നാമതെത്തിയത്. അവന്റെ ഈ കഴിവ് കണ്ട് അമേരിക്കൻ കമ്പനി അവനൊരു ജോലി വാഗ്ദാനം ചെയ്തു. പ്രതിവർഷം 33 ലക്ഷം രൂപയായിരുന്നു ശമ്പളം. കമ്പനി അവരുടെ എച്ച്ആർഡി ടീമിന്റെ ഭാഗമാക്കാനും, കോഡ് ചെയ്യുന്ന മറ്റ് ആളുകളെ പരിശീലിപ്പിക്കാനും വേണ്ടിയാണ് വേദാന്തിനെ എടുക്കാൻ തീരുമാനിച്ചത്. അവന് മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഓഫർ ലെറ്ററും അവർ അയച്ചു. ഒടുവിൽ ജോലിക്കായി അവന്റെ പേര് വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് അവന്റെ വയസ്സ് അവർക്ക് മനസിലാകുന്നത്. അവന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഇതറിഞ്ഞ കമ്പനി അവന് നൽകിയ ജോലി വാഗ്ദാനം പിൻവലിച്ചു.

അതേസമയം, നിരാശപ്പെടരുതെന്ന് കമ്പനി വേദാന്തിനോട് പറഞ്ഞു. ഇപ്പോൾ ജോലി നൽകാൻ നിവർത്തിയില്ലെങ്കിലും, നാളെ പഠനം പൂർത്തിയാക്കുന്ന ഒരു സമയത്ത് കമ്പനി ജോലി നൽകാമെന്നും, വേദാന്തിനോട് അപ്പോൾ തങ്ങളെ ബന്ധപ്പെടണമെന്നും കമ്പനി നിർദ്ദേശിച്ചു. വേദാന്ത് ഇപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. കോഡിങ് എല്ലാം അവൻ തനിയെ പഠിച്ചെടുത്തതാണ്. താൻ പഠിച്ചത് എല്ലാം പരീക്ഷിച്ച് നോക്കുന്നത് അമ്മയുടെ ഒരു പഴയ ലാപ്‌ടോപ്പിലാണ്. ലാപ്‌ടോപ്പ് വഴി അവൻ പതിനാറോളം ഓൺലൈൻ ട്യൂട്ടോറിയലുകളിൽ പങ്കെടുത്തിട്ടുണ്ട്. അമ്മയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് കോഡിംഗ് മത്സരത്തിന്റെ പരസ്യം അവൻ കാണുന്നത്.

അവന്റെ വെബ്‌സൈറ്റിന്റെ പേര് animeeditor.com എന്നാണ്. അതിൽ ആളുകൾക്ക് യൂട്യൂബ് പോലെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ ബ്ലോഗുകൾ, വ്ലോഗുകൾ, ചാറ്റ്ബോക്‌സുകൾ, വീഡിയോ കാണാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകളുമുണ്ട്. അടുത്തിടെ സ്കൂളിൽ സംഘടിപ്പിച്ച ഒരു ശാസ്ത്ര പ്രദർശനത്തിൽ വേദാന്തിന് സ്വർണ്ണ മെഡലും ലഭിച്ചിരുന്നു. വേദാന്തിന്റെ മാതാപിതാക്കളായ രാജേഷും അശ്വിനിയും നാഗ്പൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർമാരാണ്.

തങ്ങളുടെ മകന്റെ നേട്ടത്തെ കുറിച്ച് അശ്വിനി പറഞ്ഞത് ഇങ്ങനെയാണ്: “അവന്റെ ഈ വിജയത്തെ കുറിച്ച് ആദ്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അവന്റെ സ്കൂളിൽ നിന്ന് വിളി വന്നപ്പോഴാണ് ഞങ്ങൾ ജോലിയെ കുറിച്ച് അറിയുന്നത്. തന്റെ പ്രായവും മറ്റ് വിശദാംശങ്ങളും എഴുതാനും കമ്പനിയ്ക്ക് കൈമാറാനും വേദാന്തിനെ സഹായിച്ചത് സ്കൂളാണ്.” എന്തായാലും ഒരു ജോലി എന്ന സ്വപ്‍നം വിദൂരമാണെങ്കിലും, അവന്റെ മാതാപിതാക്കൾ ഉടൻ തന്നെ അവന് ഒരു പുതിയ ലാപ്‌ടോപ്പ് സമ്മാനിക്കാൻ ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here