യൂജിൻ: ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ചരിത്രമെഴുതി. ജാവലിൻ ത്രോ ഫൈനലിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി.
2003 പാരീസ് ലോക ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജിന് ശേഷം ലോക അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡൽ മാത്രമാണിത്.
ഫൈനലിൽ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ. മൂന്നാം ശ്രമത്തിൽ 86.37 മീറ്റർ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയ 88.13 മീറ്റർ എറിഞ്ഞത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. 90.54 മീറ്റർ എറിഞ്ഞ ഗ്രാനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി.