ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് അജയ് ദേവ്ഗൺ. തൻഹാജി-ദ അൺസങ് വാരിയർ എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗണിനെ തേടി മൂന്നാം തവണയും മികച്ച നടനുള്ള പുരസ്കാരമെത്തിയത്. ഭർത്താവിന് ദേശീയ അവാർഡ് കിട്ടിയതിൽ ഭാര്യയും ബോളിവുഡ് നടിയുമായ കാജോളും സന്തോഷത്തിലാണ്. തൻഹാജി എന്ന ചിത്രത്തിൽ കാജോളും അഭിനയിച്ചിരുന്നു.
തൻഹാജിയുടെ ഷൂട്ടിങ്ങിന് ഇടയിലുള്ള ചിത്രം പങ്കുവെച്ചാണ് കാജോൾ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചത്. മികച്ച നടനൊപ്പം മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും തൻഹാജി നേടിയിരുന്നു. ഈ മൂന്നു അവാർഡിലും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കാജോൾ ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ അജയ് ദേവ്ഗൺ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ‘നിനക്കും എന്റെ അഭിനന്ദനങ്ങൾ. നിന്റെ സാന്നിധ്യം ഈ സിനിമക്ക് കൂടുതൽ മാനം നൽകി’-ഹാർട്ട് ഇമോജിക്കൊപ്പം അജയ് ദേവ്ഗൺ കുറിച്ചു.
ഓം റൗട്ട് സംവിധാനം ചെയ്ത തൻഹാജിയിൽ ടൈറ്റിൽ കഥാപാത്രമായാണ് അജയ് ദേവ്ഗൺ എത്തിയത്. തൻഹാജിയുടെ ഭാര്യയായ സാവിത്രി ബായിയുടെ റോളാണ് കാജോൾ ചെയ്തത്. സെയ്ഫ് അലി ഖാനും നേഹാ ശർമയുമെല്ലാം ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.