നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ല എന്ന് സുപ്രീം കോടതി പറഞ്ഞു.
പള്‍സര്‍ സുനിക്കെതിരായ കുറ്റങ്ങള്‍ ഗുരുതരം എന്നല്ല അതീവ ഗുരുതരം എന്നാണ് കാണേണ്ടത് എന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചര വര്‍ഷമായി താന്‍ ജയിലിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്നും പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യത ഉണ്ട് എന്നും അതിനാല്‍ ജാമ്യം നല്‍കണം എന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
പക്ഷെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ അതിനെ ശക്തമായി എതിര്‍ത്തു. മറ്റ് പലര്‍ക്കുമെതിരെ ഉണ്ടായിരുന്നത് ഗൂഢാലോചന കുറ്റമായിരുന്നു എന്നും എന്നാല്‍ പള്‍സര്‍ സുനി കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ജാമ്യാപേക്ഷയില്‍ അതിജീവിതയുടെ പേര് രേഖപ്പെടുത്തിയ പള്‍സര്‍ സുനിയുടെ നടപടി ഗൗരവതരമാണ് എന്നും ശിക്ഷാര്‍ഹമാണ് എന്നും സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഹര്‍ജി പരിഗണിച്ച കോടതി ഇതില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു