കൊച്ചി: കേരളസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ച അദ്ദേഹം വിവാദങ്ങളിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോൺസുലേറ്റിലെ കരാർ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നൽകി ബാഗേജ് എത്തിക്കാൻ ഇയാളുടെ സഹായം തേടിയത് രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് ആസൂത്രിതമായി നടന്ന വലിയ രാജ്യവിരുദ്ധ പ്രവർത്തനമാണ്. ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യൻ പൗരനായ ഖാലിദാണ്. കേരള സർക്കാരിലെ ഉന്നതരായ ആർക്കൊക്കെയോ രഷ്ട്രവിരുദ്ധ കാര്യങ്ങൾ ചെയ്യാനായി വിദേശ പൗരനായ കരാർ ജീവനക്കാരന് കേരള ഗവൺമെന്റ് നയതന്ത്ര പരിരക്ഷ നൽകുന്നു. ഭാവിയിൽ പ്രശ്നമുണ്ടായാൽ, അയാളിലേക്ക് എത്താൻ കേന്ദ്ര ഏജൻസികൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞാണ് വിദേശ പൗരനെ ഉപയോഗിച്ചത്.
ബാഗ് കൊണ്ടുപോകാൻ കേരളാഗവൺമെന്റിന് ഒരു ഉദ്യോഗസ്ഥനെ ബാഗുമായി അയക്കാമായിരുന്നു. ഉദ്യോഗസ്ഥൻ പോയാൽ പരിശോധിക്കപ്പെടും. അത് ഒഴിവാക്കാനാണ് വിദേശ നയതന്ത്ര പ്രതിനിധിയുടെ മേൽവിലാസം ഉപയോഗിച്ചത്. പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, നാണക്കേടുമാണ്. ഒരു വിദേശരാജ്യത്തെ പൗരനോടും കോൺസുലേറ്റിനോടും സഹായം തേടുക എന്നത് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള സ്ഥാനത്തിനടക്കം മങ്ങലേൽപ്പിക്കുന്നതാണ്. ഒരു കാരണവശാലും ഒരു ഭരണാധികാരിയും ചെയ്യാൻ പാടില്ലാത്തതാണ്. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ കേന്ദ്ര വിദേശകാര്യ വകുപ്പിനെ ബന്ധപ്പെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.