ചന്ദനമരവും വനവിഭവങ്ങളും കൊണ്ട് സമ്പന്നമായ മറയൂരിൽ നിന്ന് കാട് കാക്കാൻ എത്തുകയാണ് നീതു ജോർജ് തോപ്പൻ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28-റാങ്കും കേരളത്തിൽ നിന്ന് രണ്ടാം റാങ്കും നേടി അഞ്ചുനാട്ടിൽ ഐ.എഫ്.എസ് നേടുന്ന ആദ്യ പെൺകുട്ടിയാവുകയാണ് നീതു. ഡിഗ്രി കഴിഞ്ഞ് പരിശീലനത്തിനിറങ്ങിയ നീതു നാലാമത്തെ ശ്രമത്തിലാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്
ധാരാളം പ്രതിസന്ധിയിലൂടെയും അനിശ്ചിതാവസ്ഥയിലൂടെയും കടന്നുപോയ ഒരു കാലമായിരുന്നു എനിക്ക് ഈ വർഷം. അതുകൊണ്ട് തന്നെ വിജയമെന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു. പക്ഷേ പഠനത്തിൽ നിന്ന് ശ്രദ്ധമാറ്റിയില്ല. അതിനിടയിലാണ് കോവിഡ് പിടിപെട്ടത്. ഒരു കണക്കിന് അതിൽ നിന്ന് രക്ഷപ്പെട്ട് വന്നപ്പോഴേക്കും സ്റ്റെപ്പിൽനിന്ന് വീണു കാര്യമായ പരിക്കുണ്ടായി. കാൽ പ്ലാസ്റ്ററിട്ടാണ് പ്രിലിംസ് പരീക്ഷ എഴുതാൻ പോയത്. എന്ത് വന്നാലും ഇത്തവണ എഴുതണമെന്നുണ്ടായിരുന്നു.