നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാന ഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കേസിൽ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പൾസർ സുനിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൾസർ സുനിയുടേത് ബാലിശമായ വാദമെന്ന നിരീക്ഷണത്തോടെയാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സാക്ഷികളെ വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി പറഞ്ഞു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ വിധി വരും.