ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യ സന്ദർശിക്കുന്നു. ആറ് വർഷത്തിനിടെ ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. മാർച്ച് 8 മുതൽ മാർച്ച് 11 വരെ നാല് ദിവസം ആന്റണി അൽബനീസ് ഇന്ത്യയിലുണ്ടാകും. ഡിസംബറിൽ പ്രാബല്യത്തിൽ വന്ന സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ (ECTA) അടിസ്ഥാനത്തിലാണ് സന്ദർശനം. വ്യാപാരം, സാമ്പത്തിക നിക്ഷേപം, ക്രിക്കറ്റ് എന്നിവയാണ് യാത്രയുടെ പ്രധാന അജണ്ട.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയോടൊപ്പം വാണിജ്യ ടൂറിസം മന്ത്രി ഡോൺ ഫാരെൽ, റിസോഴ്‌സ്, നോർത്തേൺ മന്ത്രി മഡലീൻ കിംഗ്, ബിസിനസ്സ് പ്രതിനിധി സംഘം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഓസ്‌ട്രേലിയൻ മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് കൊണ്ട് വരികയാണെന്നും, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തുമെന്നും ആന്റണി അൽബനീസ് ട്വീറ്റ് ചെയ്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും ഹരിതോർജ മേഖലയിൽ സഹകരിക്കാൻ താൽപ്പര്യമുള്ള രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും ചേർന്ന് ഈ വിഷയത്തിൽ നിരവധി മുൻകൈകളും എടുത്തിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ, ഇന്ത്യയും ഓസ്‌ട്രേലിയയും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തെ സംബന്ധിച്ച് ഒരു കരാറിൽ (LoI) ഒപ്പുവച്ചിട്ടുണ്ട്. ഇത് പുനരുപയോഗ ഊർജ (RE) സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് അൾട്രാ ലോ-കോസ്റ്റ് സോളാർ, ക്ലീൻ ഹൈഡ്രജൻ എന്നിവയുടെ ചെലവ് കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങൾക്കും സഹായകമാകും.