ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് ഫ്രഞ്ച് ലീഗ് താരം

0
307

കൊച്ചി: ഒളിമ്ബിക് ലിയോണല്‍സ് താരം ബക്കാരി കോനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ ബുര്‍കിനഫാസോയിലെ വഗദൂഗയില്‍ നിന്നുള്ള താരമാണ് 32കാരനായ കോനെ.

 

2004ല്‍ സിഎഫ്ടിപികെ അബിജാനില്‍ നിന്ന് ജന്മനാട്ടിലെ ക്ലബായ എറ്റോല്‍ ഫിലാന്റെയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ തന്റെ ഔദ്യോഗിക ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്. യൂത്ത് ടീമിനൊപ്പമുള്ള ശ്രദ്ധേയമായ സീസണിനൊടുവില്‍, യുവ പ്രതിരോധ നിരക്കാരന് 2005-06 സീസണില്‍ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ക്ലബ്ബിനായി 27 മത്സരങ്ങള്‍ കളിച്ചു.

 

ഫ്രഞ്ച് ഫുട്ബോള്‍ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ കോനെ ഫ്രാന്‍സിലെത്തി ലീഗ് 2 ക്ലബ്ബായ ഗ്വിങ്ഗാമ്ബിനൊപ്പം ചേര്‍ന്നു.റിസര്‍വ് ടീമിനൊപ്പമായിരുന്നു ആദ്യ രണ്ടുവര്‍ഷം. തുടര്‍ന്ന് 2008ല്‍ തന്നെ പ്രധാന ടീമിലേക്ക് വിളിയെത്തി. മൂന്നു വര്‍ഷം കൂടി ക്ലബ്ബിനൊപ്പം കളിച്ചു. 2009ല്‍ ക്ലബ്ബിന്റെ ഭാഗമായി ഫ്രഞ്ച് കപ്പും നേടി.

 

2011ലാണ് ഒളിമ്ബിക് ലിയോണില്‍ താരം ചേര്‍ന്നത്. 2011 മുതല്‍ 2016 വരെയുള്ള കോനെയുടെ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ലെസ് ഗോണ്‍സ് 2011-12ലെ ഫ്രഞ്ച് കപ്പും 2012ലെ ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി. 2014-15, 2015-16 സീസണുകളില്‍ ക്ലബ്ബ്, ലീഗ് 1 റണ്ണറപ്പാവുകയും ചെയ്തു. യുവേഫ ചാമ്ബ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുള്‍പ്പെടെ എല്ലാ ചാമ്ബ്യന്‍ഷിപ്പിലുമായി ഒളിമ്ബിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ടുകെട്ടിയത്.

 

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടതിലും ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിലും താന്‍ വളരെ ആവേശത്തിലാണെന്ന് ബക്കാരി കോനെ പറഞ്ഞു. (നിക്കോളാസ്) അനെല്‍കയില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്, വളരെ നല്ല കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഐഎസ്‌എലിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളതെന്ന് അറിയാം, ഓരോ തവണ കളത്തിലിറങ്ങുമ്ബോഴും നൂറുശതമാനം തന്റെ ക്ലബിന് സമര്‍പ്പിക്കാന്‍ എനിക്കിത് പ്രചോദനമാവും. ഗോവയില്‍ സഹതാരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കുമൊപ്പം ചേരാന്‍ കാത്തിരിക്കാനാവുന്നില്ല-ഗോവയില്‍ ഉടന്‍ തന്നെ പ്രീസീസണ്‍ പരിശീലനത്തിനായി കെബിഎഫ്‌സി ടീമിനൊപ്പം ചേരുന്ന ബക്കാരി കോനെ പറഞ്ഞു.

 

ലിയോണില്‍ നിന്ന് മലാഗയിലെത്തിയ താരം കുറഞ്ഞകാലം ലാലിഗയിലുണ്ടായിരുന്നു. പിന്നീട് ലോണില്‍ ലീഗ് 1 ക്ലബ്ബായ സ്ട്രാസ്ബര്‍ഗിനൊപ്പം ചേര്‍ന്നു. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാനായുള്ള ഇന്ത്യയിലേക്കുള്ള വരവിന് മുമ്ബ് കഴിഞ്ഞ രണ്ട് സീസണുകളില്‍ തുര്‍ക്കിയിലും റഷ്യയിലുമായിരുന്നു.

 

19ാം വയസിലാണ് കോനെയുടെ ബുര്‍കിനഫാസോ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. 2014ല്‍ അംഗോളക്കെതിരായ ആഫ്രിക്കന്‍ നാഷണല്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ദേശീയ ടീമിന്റെ നായകനായി. 81 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ കോനെ നിലവില്‍ രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമാണ്.

 

മുന്‍നിര യൂറോപ്യന്‍ ലീഗുകളിലെ പ്രശസ്തമായ ക്ലബ്ബുകള്‍ക്കായി കളിച്ച കോനെ ശ്രദ്ധേയമായ പരിചയവും വൈദഗ്ധ്യവുമുള്ള കളിക്കാരനാണെന്നും, താരത്തിന്റെ സാനിധ്യം ഈ സീസണില്‍ ടീമിന്റെ പ്രതിരോധ പടുത്തുയര്‍ത്തല്‍ മെച്ചപ്പെടുത്തുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വേഗത്തില്‍ സംഘടിക്കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ മികവ് ലീഗിലെ മികച്ച സ്ഥാനങ്ങള്‍ക്കായി പോരാടുന്നതിനും ടീമിനെ സഹായിക്കും. താരത്തിന്റെ കഴിവിനെകുറിച്ചും അദ്ദേഹം ടീമിന് ചേര്‍ക്കുന്ന വൈദഗ്ധ്യത്തെ കുറിച്ചും സംശയമേതുമില്ല-കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here