ചെന്നൈ • പിളർപ്പിന്റെ വക്കിലായ അണ്ണാഡിഎംകെയുടെ അവസ്ഥ പരമാവധി മുതലെടുക്കാൻ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല റോഡ് ഷോ പ്രഖ്യാപിച്ചു. ശോചനീയ സ്ഥിതിയിൽ നിന്നു പാർട്ടിയെ വീണ്ടെടുക്കുമെന്ന വാഗ്ദാനവുമായി നാളെ ‘പുരട്ചി പയനം’ (വിപ്ലവയാത്ര) ആരംഭിക്കുമെന്നാണു പ്രഖ്യാപനം.
അണ്ണാഡിഎംകെയിൽ നിന്ന് ഏറെക്കുറെ പുറത്തേക്കാണെന്നുറപ്പായ ഒ.പനീർസെൽവത്തെ ഒപ്പം നിർത്തി പാർട്ടി പിടിച്ചെടുക്കാനാണു നീക്കമെന്നാണു വിലയിരുത്തൽ. അതിനിടെ, എടപ്പാടി പളനിസാമിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കാൻ ജൂലൈ 11ന് ജനറൽ കൗൺസിൽ ചേരുമെന്നാണ് മറുപക്ഷത്തിന്റെ അറിയിപ്പ്.