കൊച്ചി• തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്ത് ആദ്യം വ്യക്തിഹത്യ ഉണ്ടായതു തനിക്കെതിരെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. ഏറ്റവും വേദനിപ്പിക്കും വിധം അതു ചെയ്തത് മുഖ്യമന്ത്രിയായിരുന്നെന്നും അവർ പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പി.ടിയുടെ മരണം. ഇവിടെ തിരഞ്ഞെടുപ്പുണ്ടായത് ഒരു സൗഭാഗ്യമാണ് എന്നു മുഖ്യമന്ത്രി സംസാരിച്ചു. ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്. പി.ടിയുടെ മരണത്തെ സൗഭാഗ്യമായി കണ്ട് നൂറടിക്കാനാണ് മുഖ്യമന്ത്രി നോക്കിയത്. അതു മനസിലാക്കിയാണ് ജനം തനിക്കൊപ്പം നിന്നതെന്നും അവർ പറഞ്ഞു. കൊച്ചി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അവർ.
ഡോ.ജോ ജോസഫിനെതിരെ ഉണ്ടായ സംഭവത്തിൽ യുഡിഎഫിന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായിട്ടില്ല. സാധാരണ തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ല തൃക്കാക്കരയിൽ ചർച്ച ചെയ്തത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളായിരുന്നു ചർച്ച ചെയ്യേണ്ടിയിരുന്നത്. പക്ഷേ നടന്നത് വ്യക്തിഹത്യകളായിരുന്നു. അതിനു പക്ഷേ ആദ്യം ഇരയായതു താനാണ്. സിപിഎമ്മിന്റെ സൈബർ പോരാളികൾ താനൊരു വിധവയായതിനാലാണ് ‘വിധവയായാൽ പണ്ടെല്ലാം ചിതയിലാണ് ചാടിയിരുന്നത്, ഇപ്പോ രാഷ്ട്രീയത്തിലേക്കു ചാടുന്നു’ എന്നു പറഞ്ഞത്.
ഡോക്ടർക്കെതിരെ ഉണ്ടായത് ഒരാൾക്കെതിരെയും ഉണ്ടാകരുത്. എനിക്കുണ്ടായ വിഷമം എന്താണെന്ന് എനിക്കറിയാം. അതു മറ്റൊരാളോടു പറഞ്ഞാൽ ആ രീതിയലെടുക്കണമെന്നില്ല. ആ ഒരു സാഹചര്യം അനുഭവിച്ചതിനാൽ ജോ ജോസഫിനുണ്ടായ ദുഃഖം മനസിലാകും. അത് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. ഇപ്പോഴും അന്വേഷിക്കാം. തിരഞ്ഞെടുപ്പു കഴിഞ്ഞും ഭക്ഷണം ഭർത്താവിനു വേണ്ടി മാറ്റിവയ്ക്കുന്നതിനെ കുറിച്ചു പറഞ്ഞു. അതിലൊക്കെ മറ്റുള്ളവർ ഇടപെടുന്നതു വളരെ മോശമാണ്.
ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ള പി.ടിയെ സ്നേഹിക്കുന്നവരാണു വന്നു പ്രവർത്തിച്ചത്. അവരെ എല്ലാവരെയും അവരുടെ അടുത്തു പോയി കണ്ടില്ലെങ്കിൽ വലിയ തെറ്റാകും. തൃക്കാക്കരയിൽ ജയിച്ചതിനാൽ ഇവിടെയുള്ളവരെ കണ്ടിട്ടു വേണം മറ്റുള്ളവരെ കണാൻ. പക്ഷെ പെട്ടെന്നു തന്നെ സഭാ സെഷൻ ആരംഭിക്കുന്നതുകൊണ്ടും മറ്റും സാധ്യമല്ലാത്ത സാഹചര്യമുണ്ട്. പി,ടിയെ സ്നേഹിക്കുന്നവരെ കാണാൻ കുറച്ചു സമയമെടുത്താലും അവർക്ക് അതു ബുദ്ധിമുട്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്. – ഉമ തോമസ് പറഞ്ഞു.