ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്: അർജുൻ ആയങ്കിക്ക് 5 വർഷം തടവ്

0
48

ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ സ്വർണക്കടത്ത് പ്രതി അർജുൻ ആയങ്കി ഉൾപ്പടൈ എട്ട് സി പി എം പ്രവർത്തകർക്ക്  തടവ് ശിക്ഷ. 5 വർഷം തടവാണ് കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ചത്. സജിത്ത് , ജോബ് ജോൺസൺ, സുജിത്ത്, ലജിത്ത്, സുമിത്ത്, ശരത്, സായൂജ് എന്നിവരാണ് മറ്റു ഏഴ് പ്രതികൾ. അർജുൻ ആയങ്കി കേസിലെ അഞ്ചാം പ്രതിയാണ്.

2017 ൽ അഴീക്കോട് വെള്ളക്കലിൽ ബി ജെ പി പ്രവർത്തകരായ നിധിൻ, നിഖിൽ എന്നിവരെ ആക്രമിച്ച കേസിലാണ് ശിക്ഷ . പ്രതികൾ ഓരോരുത്തരും 25,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.സംഭവം നടന്ന് ഏഴ് വർഷങ്ങൾക്കൊടവിലാണ് കോടതി വിധി പറയുന്നത്. വധിക്കാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേൽപിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. സിപിഎം- മുസ്ലിം ലീഗ്, സിപിഎം- ബിജെപി സംഘർഷങ്ങളിലെല്ലാം അർജുൻ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു. ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയായിരുന്നു.2021ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസിലും അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടായിരുന്നു. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് അര്‍ജുന്‍ ആയങ്കി. കഴിഞ്ഞ വർഷം പാലക്കാട് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here