കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 9,10 തീയതികളിൽ ബെംഗളൂരു ബസ് സർവീസുകൾ തടസ്സപ്പെടുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കാരണം ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ കഴിയാത്തതിനാൽ ചില റെസ്റ്റോറന്റുകളും പ്രവർത്തിക്കില്ല. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസിറ്റ് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരിച്ചുവിട്ടു.
ജില്ലാ ഭരണകൂടത്തിനും പോലീസ് വകുപ്പിനും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കെഎസ്ആർടിസി ഗണ്യമായ എണ്ണം ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നും അതിനാൽ മേയ് 9, 10 തീയതികളിൽ കെഎസ്ആർടിസി ബസുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും ചീഫ് ട്രാഫിക് മാനേജർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം വോൾവോയും മറ്റ് പ്രീമിയം ബസ് സർവീസുകളും നഗരത്തിൽ പതിവുപോലെ പ്രവർത്തിക്കും.
മെയ് എട്ടിന് വൈകിട്ട് അഞ്ച് മുതൽ മെയ് 11ന് രാവിലെ ആറ് വരെയും മെയ് 13ന് രാവിലെ ആറ് മുതൽ മെയ് 14ന് രാവിലെ ആറ് വരെയും മദ്യവിൽപന നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.