സംസ്കാരങ്ങൾ ഉണ്ടായ കാലം മുതൽക്കേ നൃത്തത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ശരീരത്തിൻറെ ഭാഷയാണ് നൃത്തം. മുദ്രകളിലൂടെ, അംഗവിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെയെല്ലാം വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. കാൽച്ചിലങ്കകളുടെ താളത്തിലൂടെയും, കൈമുദ്രകളുടെ സൗന്ദര്യത്തിലൂടെയും, ശരീരത്തിന്റെ ഭാവത്തിലൂടെയും, നൃത്തം നമ്മെ ആകർഷിക്കുന്നു. അതുകൊണ്ടാണ് നൃത്തംസാർവ്വദേശീയമായി ആസ്വദിക്കപ്പെടുന്നത്. .
ആർഷ ഭാരതത്തിന്റെ പൈതൃകം ശക്തിപ്പെടുത്താൻ, ഭാരതീയ അവതരണ കലകളുടെ പിതാവായ ഭരത മുനിയുടെ നാട്യ ശാസ്‌ത്രത്തെ അടിസ്ഥാനപ്പെടുത്തി ചെറുതും, വലുതുമായ ഒട്ടേറെ നൃത്ത രൂപങ്ങളാണ് ഇന്ത്യയിൽ പിറവിയെടുത്തത്. കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപമാണ് മോഹിനിയാട്ടം. ആന്ധ്ര പ്രദേശിലെ കുച്ചിപ്പുഡി എന്ന ഗ്രാമത്തിലാണ് കുച്ചിപ്പുടിയുടെ ഉദയം. നാടോടി നൃത്തത്തിന്റെയും, ക്ലാസിക്കൽ നൃത്തത്തിന്റെയും സമ്മിശ്രമാണിത്. നാട്യ ശാസ്ത്രാടിസ്ഥാനത്തിലുള്ള മുഖ്യ നൃത്തരൂപമായ ഭരത നാട്യം തമിഴ്‌നാട്ടിലാണ് ഉൽഭവിച്ചത്.
നൃത്തം ഒരു കല മാത്രമല്ല, ആശയവിനിമയ മാർഗ്ഗം കൂടിയാണിത്. ഇന്ന് മിക്ക കുട്ടികളും നൃത്തം അഭ്യസിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തത്തിൽ പ്രാവിണ്യം നേടിയ, ഭാരതീയ നൃത്ത മേഖലയ്ക്ക് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു മിടുക്കിയാണ് അർപ്പിത.
പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് പനമണ്ണ സ്വദേശിനിയായ സരിതയുടെയും, സുനിൽ കുമാറിന്റെയും മകളായ 10 വയസ്സുകാരിയായ ഈ കൊച്ചു മിടുക്കി കലാമണ്ഡലം ശോഭന വിജയൻറെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ചെറുപ്പ കാലഘട്ടത്തിൽ തന്നെ പഠനം തുടങ്ങിയ അർപ്പിത നാലാമത്തെ വയസ്സിൽ ഭരതനാട്യ അരങ്ങേറ്റവും, ആറാമത്തെ വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റവും, പത്താമത്തെ വയസ്സിൽ കുച്ചുപ്പുഡി അരങ്ങേറ്റവും നടത്തി മികവ് തെളിയിച്ചിട്ടുണ്ട്. നൃത്ത രംഗത്ത് മാത്രമല്ല, വയലിനിലും, കർണ്ണാടക സംഗീതത്തിലും നിപുണയാണിവൾ. ഇപ്പോൾ ഒറ്റപ്പാലം LSN Girls Convent സ്ക്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു. ലളിതഗാനം, പ്രസംഗം, നാടോടി നൃത്തം എന്ന് വേണ്ട എല്ലാ കല മേഖലയിലും കഴിവ് തെളിയിച്ച ഈ കൊച്ചു മിടുക്കിയുടെ കുടുംബത്തെ SMACTA ന്യൂസ് പരിചയപ്പെടുത്തുകയാണ്.
അർപ്പിതയുടെ ഈ കലാ ജീവിതം ഇവരുടെ നാലുകെട്ടായ ഗൃഹത്തിനുള്ളിൽ ഒതുങ്ങേണ്ടതല്ല. ഈ കൊച്ചു കലാകാരിയുടെ കഴിവുകളെ ഈ ലോകത്തിന് മുന്നിൽ എത്തിക്കാനാണ് SMACTA ശ്രമിക്കുന്നത്. അർപ്പിതയുടെ ‘അമ്മ സരിത നല്ലൊരു കലാകാരിയാണ്. ജീവിതത്തിന്റെ ഏതോ കാലഘട്ടത്തിൽ വിധിയുടെ വിളയാട്ടം അവരുടെ നൃത്ത പഠനത്തെ അവസാനിപ്പിച്ചു. അന്ന് അവളുടെ മാതാപിതാക്കളുടെ പ്രാർത്ഥനകളും, പ്രയത്നങ്ങളും, സഫലമാകാൻ SMACTA കൂടെയുണ്ടാവും. നമ്മുടെ നാടിൻറെ തന്നെ ഭാവി വാഗ്ദാനമായി മാറിക്കൊണ്ടിരിക്കുന്ന അർപ്പിതയ്ക്ക് എല്ലാ ഭാവുകങ്ങളും SMACTA നേരുന്നു.