കര്‍ണാടക നിയമസഭയിലെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം: മൂന്നു പേര്‍ അറസ്റ്റില്‍.

0
59

കര്‍ണാടക നിയമസഭയിൽ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആഘോഷിക്കവെയാണ് സഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഇവര്‍ വിളിച്ചതെന്നാണ് ആരോപണം.

ഡല്‍ഹി സ്വദേശിയായ ഇല്‍ത്താസ്, ബംഗളൂരുവിലെ ആര്‍ടി നഗര്‍ സ്വദേശിയായ മുനാവര്‍, ഹാവേരിയിലെ ബൈദാഗി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മാര്‍ച്ച് 6ന് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് സെയ്ദ് നസീര്‍ ഹുസൈന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴാണ് നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയതെന്നാണ് ആരോപണം.

എന്നാല്‍ ആരോപണം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. സെയ്ദ് നസീര്‍ ഹുസൈനെ പിന്തുണച്ചുള്ള മുദ്രാവാക്യമാണ് സഭയില്‍ ഉയര്‍ന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ‘നസീര്‍ സാബ് സിന്ദാബാദ്’ എന്നാണ് പ്രവര്‍ത്തകര്‍ വിളിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ആരോപണം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകൃത ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയോട് ആരോപണങ്ങളുടെ വസ്തുത പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ഫോറന്‍സിക് സംഘം പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം നിയമസഭയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന ആരോപണം സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ തിങ്കളാഴ്ചയോടെ ഒരു സ്വകാര്യ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയുടെ റിപ്പോര്‍ട്ടുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിയുയര്‍ന്നുവെന്ന് സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടായിരുന്നു ഇത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വകാര്യ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്വകാര്യ വ്യക്തിയ്ക്ക് സ്വന്തമായി ലാബോറട്ടറിയുണ്ടോയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ചോദിച്ചു.

’’ ആരുടെ അനുമതി വാങ്ങിയ ശേഷമാണ് ആ വ്യക്തി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന കാര്യം അന്വേഷിക്കും. ആരാണ് അദ്ദേഹത്തിന് എന്‍ഒസി നല്‍കിയതെന്ന കാര്യവും അന്വേഷിക്കണം. ഇത്തരം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം യോഗ്യനാണോ എന്ന കാര്യവും അന്വേഷിക്കും,’’ എന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here