നാട്ടുകാർക്ക് വിജയൻ ഏഴുമാസത്തിനിടെ വാങ്ങിനൽകിയത് 600 പശുക്കളെ

0
72

കൊല്ലം:തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാർ വിഷമിക്കരുതെന്ന ആഗ്രഹത്താൽ പ്രവാസിമലയാളി ഏഴുമാസത്തിനിടെ വാങ്ങിനൽകിയത് 600 പശുക്കളെ. കടയ്ക്കൽ മുള്ളിക്കാട് പവിത്രത്തിൽ വിജയനാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് പശുക്കളെ വാങ്ങിനൽകി നന്മയുടെ പ്രതീകമായത്.

ഷാർജയിൽ നിർമാണമേഖലയിൽ മൂന്ന് സ്ഥാപനങ്ങൾ നടത്തുന്നുണ്ട് എൻജിനീയറായ വിജയൻ. വർഷങ്ങളായി നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായവും അർബുദബാധിതർക്ക് ചികിത്സാസഹായവും നൽകുന്നുണ്ട് അദ്ദേഹം. ഇടയ്ക്ക് നാട്ടിലെത്തുമ്പോൾ തൊഴിലില്ലാത്തതുമൂലം ജീവിതം പ്രതിസന്ധിയിലായ പാവങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് എന്താണ് പരിഹാരമെന്ന ആലോചനയിലായിരുന്നു എസ്.എൻ.ഡി.പി.യോഗം ചിറവൂർ ശാഖാ ഭാരവാഹികൂടിയായ അദ്ദേഹം.

പശുവളർത്തലിലൂടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാമെന്ന് മനസ്സിലാക്കിയ വിജയൻ ശാഖയുമായി ബന്ധപ്പെട്ട് നിർധന കുടുംബങ്ങളെ കണ്ടെത്തി. ആദ്യഘട്ടത്തിൽ 400 പേർക്ക് പശുക്കളെ വാങ്ങിനൽകാനായിരുന്നു തീരുമാനം. ഇത്രയും പശുക്കളെ കണ്ടെത്താൻ ശാഖാ സെക്രട്ടറിയായ രാജീവും മറ്റുള്ളവരും കൃഷ്ണഗിരിയിലും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും പലവട്ടം പോയി. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയാണ് പശുക്കളെ എല്ലാവർക്കും വിതരണംചെയ്തത്.

പശുക്കളെ അഞ്ചുവർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നും ഒരു പശുക്കിടാവിനെ തിരികെനൽകണമെന്നും നിബന്ധനയുണ്ടാക്കി. പശുക്കളെ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാജീവിന്റെ നേതൃത്വത്തിൽ പരിശോധനയും നടത്തുന്നുണ്ട്. തിരികെലഭിക്കുന്ന കിടാവിനെ വീണ്ടും പാവങ്ങൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ചിതറ, കടയ്ക്കൽ, ഇട്ടിവ, കുമ്മിൾ പഞ്ചായത്തുകളിലുള്ളവർക്കാണ് പശുക്കളെ ലഭിച്ചത്.

ഷാർജയിലുള്ള മൂന്ന് കമ്പനികളിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് പശുക്കളെ വാങ്ങിനൽകാൻ ചെലവഴിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം പശുക്കളെ വിൽക്കേണ്ടിവന്ന ക്ഷീരകർഷകനായ നെല്ലിക്കുന്നുംപുറത്തെ വാഹിദും ഭാര്യ ലൈലയും പശുക്കിടാവിനെ ലഭിച്ചത് വലിയ അനുഗ്രഹമായെന്ന് പറഞ്ഞു. പശുക്കൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാൻ മൊബൈൽ വെറ്ററിനറി ക്ലിനിക് ഏർപ്പെടുത്താൻ വിജയൻ ആലോചിക്കുന്നുണ്ട്. വന്ധ്യതാചികിത്സയ്ക്കും സൗകര്യമൊരുക്കും.

പരേതയായ ശൈലയാണ് വിജയന്റെ ഭാര്യ. അമേരിക്കയിൽ ഡോക്ടർമാരായ അരുണും ആദർശുമാണ് അച്ഛന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here