തൃശ്ശൂർ: ചില തീവണ്ടികൾക്ക് ചെറുകിട സ്റ്റേഷനുകളിൽ രാത്രി 12-നും പുലർച്ചെ നാലിനും ഇടയ്ക്കുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ സാധ്യത കുറഞ്ഞു. യാത്രക്കാരുടെ എണ്ണം തീരെ കുറവാണെന്ന കാരണമാണ് റെയിൽവേ പറയുന്നത്. കോവിഡിനു ശേഷം തീവണ്ടിഗതാഗതം സാധാരണ നിലയിലായപ്പോഴാണ് വെട്ടിക്കുറച്ച സ്റ്റോപ്പുകളുമായി രാത്രിവണ്ടികൾ ഓടിത്തുടങ്ങിയത്.
സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തി. എന്നാൽ റെയിൽവേ ബോർഡിന്റെ തീരുമാനമനുസരിച്ചേ സ്റ്റോപ്പുകൾ തിരിച്ചുകൊണ്ടുവരാൻ സാധിക്കൂവെന്നാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെത്തിയ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ. മുകുന്ദ് വ്യക്തമാക്കിയത്. നിർത്തിയ തീവണ്ടികൾ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
രാത്രിവണ്ടികളും നഷ്ടമായ സ്റ്റോപ്പുകളും
തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ്- 16629 (ചാലക്കുടി, ഇരിങ്ങാലക്കുട, പട്ടാമ്പി, കുറ്റിപ്പുറം)
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്- 16630 (കുറ്റിപ്പുറം, പട്ടാമ്പി, ഇരിങ്ങാലക്കുട, ചാലക്കുടി)
പുണെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്- 16381 (വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി)
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്- 16604 (തിരൂർ, കുറ്റിപ്പുറം)
മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്- 22637 (ചെറുവത്തൂർ)
ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്- 22638 (ചെറുവത്തൂർ)
തിരുവനന്തപുരം -മംഗളൂരു എക്സ്പ്രസ്-16347 (ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി)
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്-16348 (ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വർക്കല)