ന്യൂഡല്‍ഹി: യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം യുവമോര്‍ച്ചാ നേതാവ് സ്മിതാമേനോന്‍ പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍ നിന്നും വിശദീകരണം തേടി.
ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി.മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 2019-ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്.
വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിതാ മേനോന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്‍ പിന്നീട് നിലപാട് തിരുത്തി രംഗത്തെത്തി. ആര്‍ക്ക് വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നായിരുന്നു പിന്നീട് മുരളീധരന്റെ വിശദീകരണം. സ്മിതാ മേനോന്‍ സ്റ്റേജിലല്ല ഇരുന്നതെന്നും വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
എങ്ങനെ സ്മിതാ മേനോന്‍ മന്ത്രിക്കൊപ്പം യാത്ര ചെയ്തു, വിസ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്നതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.