തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും ഉയരുന്നു. തുടർച്ചയായ രണ്ടാംദിവസവും രോഗികളുടെ എണ്ണം ആയിരം കടന്നു. ബുധനാഴ്ച 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 1197 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. നിലവിൽ 6462 പേർ നിരീക്ഷണത്തിലാണ്. രോഗസ്ഥിരീകരണനിരക്ക് 8.77 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 7.38 ശതമാനമാണ്. ആറ് മരണങ്ങൾകൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 69,753 ആയി ഉയർന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗികൾ കൂടുതൽ. ബുധനാഴ്ച എറണാകുളം ജില്ലയിൽ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 239 പേർക്കും കോട്ടയത്ത് 155 പേർക്കും കോഴിക്കോട് 107 പേർക്കും രോഗം സ്ഥിരീകരിച്ചു.