അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണജന്മഭൂമിയുടെയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .

0
108

അയോധ്യയിലെയും മധുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണജന്മഭൂമിയുടെയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവില്‍ പറഞ്ഞു. അയോധ്യയില്‍ നിലവിലുള്ള മദ്യശാലകളുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദുചെയ്തു.

ജൂണ്‍ 1 മുതല്‍ ഇതുസംബന്ധിച്ച ഉത്തരവ് നിലവില്‍ വരികയാണ്. മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ പറയുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ ഷോപ്പുകളും അടപ്പിക്കും.

മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍ വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന പൂര്‍ണമായും നിരോധിച്ചിരുന്നു.

മഥുരയിലെ തീര്‍ത്ഥാടന സ്ഥലമായ വൃന്ദാവന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യമോ മാംസമോ വില്‍ക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വാരണാസി, വൃന്ദാവനം, അയോധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷരീഫ്, മിശ്രിഖ് നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലും മദ്യവില്‍പ്പനയും മാംസാഹാര വില്‍പനയും നേരത്തെ നിരോധിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here