ലക്ഷദ്വീപിനെപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾക്കിടക്ക് നമുക്ക് വേറൊരു ദ്വീപിനെപ്പറ്റി മനസ്സിലാക്കാം. ടുവാലു എന്നൊരു കുഞ്ഞൻ രാജ്യമുണ്ട് ഈ ഭൂമിയിൽ. പസഫിക് സമുദ്രത്തിൽ ഹവായ് ദ്വീപിനും ഓസ്ട്രേലിയക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ടുവാലു സ്വന്തമായി ഭരണകൂടമുള്ള ഒരു സ്വതന്ത്ര രാജ്യമാണ്. 26 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഈ രാജ്യത്ത് (കേരളത്തിൻ്റെ ഭൂവിസ്തീർണം ഏതാണ്ട് 39000 ചതുരശ്ര കിലോമീറ്ററാണ്) 2017 ലെ കണക്കു പ്രകാരം ഏതാണ്ട് 11000 ആളുകൾ താമസിക്കുന്നു. ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. 1568 ൽ സ്പാനിഷ് സഞ്ചാരി അൽവാരോ ഡെ മെൻഡാന കാലു കുത്തിയതു മുതലാണ് ഈ ദ്വീപിൻ്റെ ചരിത്രം തുടങ്ങുന്നത്. 1916 മുതൽ 75 വരെ ബ്രിട്ടീഷ് കോളനിയായിരുന്ന ടുവാലുവിൻ്റെ തലസ്ഥാനം ഫുനാഫുട്ടി (Funafuti) യാണ്.
ഇനി ഏതാനും വർഷങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരം പങ്കിടാം….. ഇൻ്റർനെറ്റ് വ്യാപകമായി പ്രചാരത്തിലായ കാലം.. സാധാരണ ഡൊമയ്ൻ നാമങ്ങൾ ആയ .com, .net, .Org എന്നിവക്ക് പുറമേ (ഉദാ: Facebook.com, usa.net) അതാത് രാജ്യങ്ങൾക്ക് അവരുടെ പേരിൻ്റെ ഭാഗം ഡൊമയ്ൻ നേം ആക്കി വിൽക്കാനുള്ള നിയമം പ്രാബല്യത്തിൽ വന്നു. ഉദാ. – ഇന്ത്യക്ക് .in, ബ്രിട്ടന്.uk, പാക്കിസ്ഥാന് .pk എന്നൊക്കെ. ഇതിൽ കോളടിച്ച ഒരു ടീം ടുവാലുവായിരുന്നു. അവർ വിൽപ്പനക്ക് വച്ച .tv എന്ന ഡൊമയിൻ നേം വാങ്ങാൻ ലോകമെങ്ങും ടി വി ചാനലുകളും മാധ്യമങ്ങളും ക്യൂ നിന്നു. (ഉദാ:-Kairali.tv) ടുവാലു ഗവർമെൻ്റിന് പോക്കറ്റ് നിറച്ച് കാശായി.
പക്ഷേ ഗവർമെൻ്റ് ചെറിയൊരു മണ്ടത്തരം കാണിച്ചു. മുഴുവൻ തുകയും രാജ്യത്തിൻ്റെ വികസനത്തിന് ചെലവഴിക്കുന്നതിനു പകരം ജനങ്ങളുടെ ക്ഷേമത്തിനെന്ന പേരിൽ നല്ലൊരു തുക നേരിട്ട് പൗരൻമാർക്ക് നൽകി. തുച്ഛമായ ജനസംഖ്യയുള്ള നാട്ടിൽ നല്ലൊരു തുക കയ്യിൽ വന്നതോടെ യുവാക്കൾ മടിയൻമാരായി. പണിയൊന്നും ചെയ്യാതെ , രാജ്യത്തിനായി യാതൊരു ഉൽപ്പാദന ശേഷിയും ഉപയോഗിക്കാതെ ലഹരി മരുന്നുകളിൽ മുഴുകി ആ ദ്വീപ് നാശത്തിലേക്ക് പോയി.
2015 ന് ശേഷം വരുന്ന കണക്കുകൾ പക്ഷേ ഞെട്ടിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം കടൽ വിസ്തൃതി കൂടുന്നതോടെ ഏതാനും ദശകങ്ങൾക്കകം ടുവാലു മുഴുവനായും കടലിനടിയിലാകുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. അന്ന് കിട്ടിയ കാശ് ബുദ്ധിപൂർവം ഉപയോഗിച്ച ചിലർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർത്തു. ബാക്കിയുള്ളവരുടെ ഭാവി തലമുറയെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തമാവാം.