കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച കൊൽക്കത്തയിലെ നസ്റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തിയിരുന്നു. എന്നാൽ അവസ്ഥ വഷളായതോടെ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ ആലപിച്ചു. മലയാളികളായ സി.എസ് മേനോനും കുന്നത്ത് കനകവല്ലിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ തുടങ്ങിയവ അദ്ദേഹം പാടിയ ശ്രദ്ധേയമായ ഗാനങ്ങളാണ്.