ചണ്ഡീഗഢ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി നാല് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മേയ് 21 നാണ് ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 കാരനായ ഓം പ്രകാശ് ചൗട്ടാലയ്ക്ക് വാര്‍ധക്യവും അസുഖങ്ങളും ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷ നല്‍കണം എന്ന് അഭിഭാഷകന്‍ കോടതിയോട് പറഞ്ഞിരുന്നു.
എന്നാല്‍ കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കണം എന്ന് സി ബി ഐ ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് ഒരു സന്ദേശം നല്‍കുമെന്നും സി ബി ഐ പറഞ്ഞു. ഈ കേസില്‍ വ്യക്തി ഒരു പൊതുപ്രവര്‍ത്തകനാണ്. കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രവും ആശാവഹമല്ല. ശിക്ഷിക്കപ്പെടുന്നരണ്ടാമത്തെ കേസാണിത്, സി ബി ഐ പറഞ്ഞു. ഏഴ് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ഓം പ്രകാശ് ചൗട്ടാല.
ജയില്‍ ശിക്ഷയും പിഴയും കൂടാതെ ഓം പ്രകാശ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള നാല് സ്വത്തുക്കളും കണ്ട് കെട്ടുമെന്ന് കോടതി പ്രഖ്യാപിച്ചു. ഐ എല്‍ ഡി നേതാവായ ഓം പ്രകാശ് ചൗട്ടാലയുടെ ഹെയ്ലി റോഡ്, പഞ്ച്കുല, ഗുരുഗ്രാം, അസോല എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ട് കെട്ടുന്നത്. 1993 നും 2006 നും ഇടയില്‍ 6.09 കോടി രൂപയുടെ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചു എന്ന് ആരോപിച്ച് 2005-ലാണ് ഓം പ്രകാശ് ചൗട്ടാലയ്ക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.