കോവിഡ് പ്രതിരോധ വാക്സിനേഷൻ നിരക്ക് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ.

0
251

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷൻ നിരക്ക് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ.

കുത്തിവെപ്പിന്റെ പുരോഗതി അവലോകനംചെയ്യാൻ വിളിച്ച സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുടെയും ദേശീയ ആരോഗ്യമിഷൻ മേധാവിമാരുടെയും വീഡിയോ കോൺഫറൻസ് യോഗത്തിൽ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. അന്താരാഷ്ട്രയാത്രക്കാർക്ക് ബൂസ്റ്റർ ഡോസെടുക്കാൻ യാത്രയുടെ തെളിവുകൾ ഹാജരാക്കേണ്ടതില്ല.

സ്വകാര്യ ആശുപത്രികളിൽനിന്ന് ഇവർക്ക് മൂന്നാമത്തെ ഡോസ് സ്വീകരിക്കാമെന്ന് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിന്റെ 191 കോടി ഡോസുകൾ വിതരണംചെയ്തിട്ടുണ്ട്.
വാക്സിനേഷൻനിരക്ക് വർധിപ്പിക്കുന്നതിനായി ജൂൺ, ജൂലായ് മാസങ്ങളിൽ ‘ഹർഘർ ദസ്തക് 2.0’ എന്ന പേരിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആരോഗ്യസെക്രട്ടറി നിർദേശിച്ചു.

ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ വൃദ്ധസദനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ജയിലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണം. 12 മുതൽ 14 വയസ്സുവരെയുള്ളവരിൽ വാക്സിനേഷൻനിരക്ക് കുറവാണ്. ഇത് നികത്താൻ വീടുകയറിയും പ്രചാരണം സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here