കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് 1590 രൂപയാണ് ചെയർകാർ നിരക്ക്. കാസർകോട് വരെ എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും നല്‍കണം.
ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിന്‍റെ ടിക്കറ്റ് ബുക്കിങ് രാവിലെ 8 മണിയോടെയാണ് ആരംഭിച്ചത്. സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ഐആര്‍സിടിസി വെബ്സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
തിരുവനന്തപുരത്തുനിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ നിരക്കുകൾ
സ്റ്റോപ്പുകള്‍ | ചെയര്‍കാര്‍ നിരക്ക് | എക്സിക്യുട്ടീവ് കാർ നിരക്ക് |
കൊല്ലം | 435 | 820 |
കോട്ടയം | 555 | 1075 |
എറണാകുളം നോർത്ത് | 765 | 1420 |
തൃശൂർ | 880 | 1775 |
ഷൊർണൂർ | 950 | 1775 |
കോഴിക്കോട് | 1090 | 2060 |
കണ്ണൂർ | 1260 | 2415 |
കാസർകോട് | 1590 | 2880 |
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്ന ഏപ്രില്‍ 25ന് തിരുവനന്തപുരം സെൻട്രലിലേക്കു വരുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സർവീസ് പുനക്രമീകരിച്ചു. തിരുവനന്തപുരത്തേക്കു വരുന്ന മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവ 23, 24 തീയതികളിൽ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം സ്പെഷൽ എക്സ്പ്രസ് കഴക്കൂട്ടത്തും നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് നേമത്തും സർവീസ് അവസാനിപ്പിക്കും.