തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരന്‍ എംപി. സര്‍ക്കാരിനെതിരേയുള്ള യുഡിഎഫിന്റെ മുഴുവന്‍ സമരങ്ങളും അവസാനിച്ചെന്ന പ്രതീതിയുള്ളത് കൊണ്ടാണ് താന്‍ പ്രതികരിച്ചത്. പാര്‍ട്ടി പുനസംഘടനയുടെ കാര്യം തന്നോട് ആരും ആലോചിച്ചിട്ടില്ല. ഇനി വിഴുപ്പലക്കാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിനെതിരായ സമരം കോണ്‍ഗ്രസ് നിര്‍ത്തിവച്ചെന്ന പ്രതീതി തന്നെയാണുണ്ടായത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഫോണില്‍ ചര്‍ച്ച നടത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം നിര്‍ത്തി വച്ച കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തിയിരുന്നു.സമരം അവസാനിപ്പിച്ചതില്‍ തെറ്റില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സംസ്ഥാനത്തിന്‍്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങിനെ കരുതുന്നവര്‍ക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങള്‍ക്കില്ല. എംപിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുരളീധരന്റെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം മുരളീധരന്‍ രാജിവച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മുരളീധരന് രംഗത്തെത്തിയത്.
താന്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത് പ്രശ്നമാക്കേണ്ട കാര്യമില്ല. എംപിമാരായതുകൊണ്ടാണ് ഞങ്ങള്‍ സ്ഥാനം ഒഴിഞ്ഞത്. ഒരാള്‍ക്ക് ഒരു പദവി മതി. ഈ തീരുമാനത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഗുണമില്ലാത്തത് കൊണ്ട് ഇനി പരാതി പറയില്ല. ആവശ്യപ്പെട്ടാല്‍ കെപിസിസി അധ്യക്ഷനെ പോയി കാണും. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല. നിയമസഭയിലേക്ക് മത്സരിക്കാന്‍ ധാരാളം സ്ഥാനാര്‍ഥികള്‍ ഇവിടെയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
മുല്ലപ്പള്ളിയുമായി നല്ല ബന്ധവും കടപ്പാടുമുണ്ട്. അദ്ദേഹവുമായുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു തീര്‍ക്കാവുന്നതേയുള്ളു. മൂന്നാമന്റെ ആവശ്യമില്ല. പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളോട് സ്വാഭാവികമായും ചിലപ്പോള്‍ വിയോജിപ്പുണ്ടാകും. ഇതൊന്നും തങ്ങള്‍ തമ്മിലുള്ള വ്യക്തി ബന്ധങ്ങള്‍ക്ക് തടസ്സമല്ല. കരുണാകരന്റെ സഹായംകൊണ്ട് വന്നവര്‍ കരുണാകരനോട് നന്ദികേട് കാണിച്ചതുപോലെ താന്‍ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
സര്‍ക്കാരിന് എതിരായ അനുകൂല സാഹചര്യം മുതലാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കണ്ടുകൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കും. 2001 ആവര്‍ത്തിക്കും. ബിജെപി സിപിഎമ്മിന്റെ സഹയത്തോടുകൂടിയാണ് ആറ്, ഏഴ് സീറ്റുകള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. തൂക്കുസഭയാണ് അവരുടെ ലക്ഷ്യം. അതിനെ നേരിടേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണ സമിതി സ്ഥിരം സംവിധാനമെന്നാണ് അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് അതിന് പ്രസക്തിയില്ലെന്ന് ഇപ്പോള്‍ മുല്ലപ്പള്ളി പറയുന്നതെന്താണെന്നറിയില്ല. തനിക്ക് പരാതിയില്ല. കെപിസിസി പ്രസിഡന്‍്റുമായി ഇതു സംബന്ധിച്ച് ഇനി ചര്‍ച്ചയ്ക്കില്ല. അദ്ദേഹത്തെ മോശക്കാരനാക്കാനില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ 2001 ആവര്‍ത്തിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം. തന്റെ രാജി സംബന്ധിച്ച് പറയേണ്ട കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞത്. ഇനി വിവാദങ്ങള്‍ക്കില്ല. ഇരട്ട പദവി വഹിക്കുന്നവര്‍ സ്ഥാനം ഒഴിയുന്ന കാര്യം സ്വയം തീരുമാനിക്കണം. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്നും മുരളീധരന്‍ പറഞ്ഞു.