ഹഥ്റസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് യു.പി പോലീസ് : യു.പി അതിർത്തിയിൽ പ്രതിഷേധം , നാടകീയ രംഗങ്ങൾ

0
122

ദില്ലി: ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വാഹനം ദില്ലി – യുപി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയാണ്. ദില്ലിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തര്‍പ്രദേശ് പൊലീസ് എത്തി തടഞ്ഞു.

തടഞ്ഞാലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു യമുന എക്സ്പ്രസ് വേയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റര്‍ ദൂരമുണ്ട്. തുടര്‍ന്ന് രാഹുലും പൊലീസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പൊലീസിനെ എതിരിടാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

 

അതേസമയം, ഗാന്ധി കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹഥ്റസ് ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മേഖല പൂര്‍ണമായും അടച്ചിടാനും ഡിഎം നിര്‍ദേശം നല്‍കി.

”ഇപ്പോള്‍ പൊലീസെന്നെ തള്ളിയിട്ടു, ലാത്തി കൊണ്ടടിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ നാട്ടില്‍ മോദിക്ക് മാത്രമേ നടക്കാന്‍ അവകാശമുള്ളൂ? സാധാരണ മനുഷ്യന് നടക്കാനാകില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു. അതിനാലാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്”, രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.ആരോരുമറിയാതെ അര്‍ദ്ധരാത്രി പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് ദുരൂഹമാണ്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്. പെണ്‍കുട്ടിയെ അപമാനിക്കുന്ന തരം നീക്കവുമാണ്”, എന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു.

സ്ഥലത്ത് വലിയ പ്രതിഷേധമുയര്‍ന്നതോടെ, തല്‍ക്കാലം പൊലീസ് പിന്‍മാറിയെന്നാണ് സൂചന. പ്രിയങ്കയും രാഹുലും ഹഥ്റസിലേക്കുള്ള യാത്ര തുടരുകയാണ്  ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെമ്ബാടും പ്രതിഷേധം ഇരമ്ബുകയാണ്. പെണ്‍കുട്ടി ഉള്‍പ്പെട്ട വാല്‍മീകി സമുദായത്തിന്‍റെ സംഘടനകള്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, സഹാരണ്‍പൂര്‍, ജലൗന്‍, കാസ്ഗഞ്ജ് എന്നീ ജില്ലകളില്‍ വലിയ പ്രതിഷേധപ്രകടനങ്ങള്‍ക്കാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജ്യതലസ്ഥാനമായ ദില്ലിയിലും ഇന്ന് വൈകിട്ട് 5 മണിയോടെ വന്‍പ്രതിഷേധത്തിന് ഒരുങ്ങുകയാണിവര്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേതടക്കം ബലാത്സംഗങ്ങള്‍ ചൂണ്ടിക്കാട്ടി, ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും മുഖ്യമന്ത്രി ആദിത്യനാഥിനോടും മറുപടി തേടി പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഹഥ്റസ് മാത്രമല്ല, അസംഗഢിലെയും ബാഗ്പതിലെയും ബുലന്ദ്ഷഹറിലെയും ബലാത്സംഗക്കേസ് പ്രതികളെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. യുപി സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും, കേന്ദ്രസര്‍ക്കാര്‍ കേസില്‍ ഇടപെടണമെന്നും മായാവതി ആവശ്യപ്പെട്ടു. അഖിലേഷ് യാദവും ഇത് ബിജെപിയുടെ ദുര്‍ഭരണത്തിന്‍റെ തെളിവാണെന്ന് ആഞ്ഞടിച്ചു.

എസ്പി പ്രവര്‍ത്തകരും ഹഥ്റസില്‍ പ്രതിഷേധം നടത്തുകയാണിപ്പോള്‍. കേസന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ച യുപി സര്‍ക്കാരിന്‍റെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുമ്ബോഴും സഹോദരന്‍മാര്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവര്‍ ആവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here