കോഴിക്കോട്• ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കികൾക്കുണ്ടായ യന്ത്രത്തകരാറാണ് കുന്ദമംഗലം കൂളിമാട് പാലം അപകടത്തിനു കാരണമെന്ന് കിഫ്ബി. ഗുണനിലവാര പ്രശ്‌നമല്ല, തൊഴിൽനൈപുണ്യം ആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മാത്രമാണ് അപകടത്തിനു കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളതെന്നും കിഫ്ബി പറഞ്ഞു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂർത്തിയായി. സൂപ്പർ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമാണ പുരോഗതി 78 ശതമാനമാണ്. സൈറ്റിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗർഡറുകളുടെ നിർമാണം. താൽക്കാലിക താങ്ങും ട്രസും നൽകി പിയർ ക്യാപിന്റെ മധ്യത്തിലായാണ് ഗർഡറുകൾ നിർമിച്ചത്.
90 മെട്രിക് ടൺ ആണ് ഓരോ ഗർഡറിന്റെയും ഏകദേശഭാരം. ആദ്യ ഘട്ട സ്‌ട്രെസിങ്ങിനുശേഷം ഓരോ ഗർഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും. കൃത്യമായ സ്ഥാനങ്ങളിലേക്കു വിന്യസിക്കുന്നതിനു മുന്നോടിയായി ഈ ഗർഡറുകളെ 100-150 മെട്രിക് ടൺ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയർത്തും. മെയ് 16ന് മൂന്നാം ഗർഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു.
ഈ രണ്ടു ഹൈഡ്രോളിക് ജാക്കികളുടെയും ചലനങ്ങൾ ഏകോപിപ്പിച്ചാണു ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്ത്തൽ പൂർത്തിയായശേഷം ഒരു വശത്തെ ജാക്കിയുടെ പിസ്റ്റൺ പെട്ടെന്ന് അകത്തേക്കു തിരിയുകയും ഇതേത്തുടർന്നു മൂന്നാം ഗർഡർ ഒരു വശത്തേക്കു ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടർന്ന് മൂന്നാം ഗർഡർ രണ്ടാം ഗർഡറിന്റെ പുറത്തേക്കു വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗർഡർ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗർഡറിന്റെ മേൽ പതിച്ചു. ഈ ആഘാതത്തെ തുടർന്ന് ഒന്നാം ഗർഡർ പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് കിഫ്ബി അറിയിച്ചു.