തൃശ്ശൂർ: തൃശ്ശൂർ പൂരം കഴിഞ്ഞിട്ടും പൂരപ്രേമികളുടെ മുഖം തെളിഞ്ഞിട്ടില്ല. മാറ്റിവെച്ച വെടിക്കെട്ടുകൂടി കഴിഞ്ഞാലേ പൂരം പൂർണമാകൂ. മഴ കനക്കുംതോറും ജില്ലാഭരണകൂടത്തിനും പോലീസിനും ഉള്ളിൽ തീയാണ്. നഗരഹൃദയത്തിലുള്ള വെടിക്കോപ്പുപുരകളിൽ സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാൾ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയിൽ നിർമിച്ചവ. അധികം ചൂടും അധികം തണുപ്പും ഏൽക്കാൻ പാടില്ലാത്തതാണ് മിക്കതും.
വെടിക്കോപ്പുപുരയിൽ അതിനാൽ കുറേനാൾ ഇവ അടുക്കിവെക്കാനും പാടില്ലെന്ന് പെസോ അധികൃതർ പറയുന്നു. കാലവർഷം കനത്തുനിൽക്കുന്നതും മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും അനുയോജ്യമല്ല. നിർവീര്യമാക്കാൻ പറ്റാത്ത രീതിയിലാണ് മിക്ക വെടിക്കോപ്പുകളുടെയും നിർമാണമെന്നതിനാൽ പൊട്ടിച്ചുതന്നെ തീർക്കണം. മഴ മാറി കാലാവസ്ഥ അനുകൂലമായാൽ അടുത്ത ദിവസംതന്നെ വെടിക്കെട്ട് നടത്തും. മഴ നീണ്ടുനിന്നാൽ ഇവ പൊട്ടിച്ച് നശിപ്പിക്കുന്നതിനെപ്പറ്റി തീരുമാനിക്കും.
കാക്കനാട്ടെ നാഷണൽ ആംസ് ഫാക്ടറിയിൽ ഇത് പൊട്ടിച്ച് നശിപ്പിക്കുന്നതിനുള്ള സംവിധാനവും സൗകര്യവുമുണ്ട്. എന്നാൽ, സ്ഫോടനമുണ്ടാകുന്ന വസ്തുക്കൾ ഇവിടെനിന്ന് മാറ്റാൻ പെസോ അനുമതി നൽകില്ല. തൃശ്ശൂരിലെ പൂരം വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്നതിനെപ്പറ്റി േെപസാതലത്തിലും ഉന്നതതലങ്ങളിലും ചർച്ച കഴിഞ്ഞു. മഴയെത്തുടർന്ന് മുന്പും പൂരം വെടിക്കെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ഇത്ര ദിവസം വൈകുന്നത് ഇതാദ്യമാണ്. ഇക്കുറി മൂന്നുതവണയാണ് വെടിക്കെട്ട് മാറ്റിയത്. 11-ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ടാണ് ഇനിയും അനിശ്ചിതത്വത്തിലും ആശങ്കയിലും ആയിരിക്കുന്നത്.
പൂരം വെടിക്കെട്ടിനായി വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന രണ്ട് പുരകളും പൂർണസുരക്ഷിതം. ഉള്ളിൽ 600 ചതുരശ്ര അടിയോളം സൗകര്യമുള്ള പുരകളുടെ ഭിത്തികൾ ഒരു മീറ്റർ വ്യാസത്തിൽ പൂർണമായും കരിങ്കല്ലിൽ നിർമിച്ചതാണ്. മേൽക്കൂര കട്ടികൂട്ടി കോൺക്രീറ്റിൽ നിർമിച്ചതും. പെസോയുടെ മാർഗനിർദേശമനുസരിച്ചാണ് നിർമാണം. പൂരം വെടിക്കെട്ട് സമയത്ത് മാത്രമാണ് ഇതിനകത്ത് വെടിക്കോപ്പുകളുണ്ടാകുക. ആ സമയത്ത് ആർ.ഡി.ഒ.യുെട പക്കലായിരിക്കും താക്കോൽ. വെടിക്കോപ്പുകളുള്ള സമയങ്ങളിൽ ഇതിന് പോലീസ് അതിസുരക്ഷ ഏർപ്പെടുത്താറുമുണ്ട്.