കല്യാണത്തിനിടെ പവർകട്ട്; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി

0
94

 

ഭോപാൽ: പവർകട്ട് കാരണം അലങ്കോലമായത് സഹോദരിമാരുടെ വിവാഹചടങ്ങ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് വൈദ്യുതി നിലച്ചതു കാരണം വിവാഹചടങ്ങിനിടെ വരന്മാർക്ക് പരസ്പരം വധുവിനെ മാറിപ്പോയത്. അവരവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവിച്ച അമളി ഇവർക്കു മനസിലായത്.

ഞായറാഴ്ചയായിരുന്നു ഉജ്ജ്വയിനിലെ രമേശ് ലാലിന്റെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം. വ്യത്യസ്ത കുടുംബങ്ങളിൽപ്പെട്ട ഗണേഷ്, ദംഗവാര ബോല എന്നിവരായിരുന്നു ഇവരുടെ വരന്മാർ. എന്നാൽ, വിവാഹചടങ്ങിനിടെ വൈദ്യുതി പോയതോടെ വധുക്കളും വരന്മാരും പരസ്പരം മാറിപ്പോവുകയായിരുന്നു.

രണ്ട് യുവതികളും മുഖാവരണം ധരിച്ച് ഒരേരീതിയിലുള്ള വസ്ത്രം ധരിച്ചാണ് മണ്ഡപത്തിലുണ്ടായിരുന്നത്. ഇതാണ് മാറിപ്പോകാൻ കാരണായത്. ഇക്കാര്യമറിയാതെ വിവാഹചടങ്ങുകൾക്ക് കാർമികത്വം വഹിച്ചയാൾ വരന്മാരുടെയും വധുക്കളുടെയും കൈപിടിച്ച് വലംവെയ്ക്കുകയും ചെയ്തിരുന്നു. ഒടുവിൽ ചടങ്ങ് പൂർത്തിയാക്കി വരന്മാർ അവരവരുടെ വീടുകളിൽ എത്തിയപ്പോഴാണ് കല്യാണപ്പെണ്ണ് മാറിപ്പോയ കാര്യം മനസിലായത്. സംഭവത്തിൽ കുടുംബങ്ങൾ തമ്മിൽ ചെറിയ തർക്കങ്ങളുണ്ടായെങ്കിലും ഇത് പിന്നീട് പരിഹരിച്ചെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്. പിറ്റേദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്താനായിരുന്നു നിർദേശം.

രണ്ടു മക്കളും വിവാഹം കഴിച്ചത് നേരത്തെ നിശ്ചയിച്ച യുവാക്കളെയാണെന്നും ഇതിനുശേഷമുള്ള ചടങ്ങുകൾക്കിടെയാണ് പരസ്പരം മാറിപ്പോയതെന്നും യുവതികളുടെ പിതാവ് രമേശും പ്രതികരിച്ചു. രണ്ടുമക്കളും ഒരേ വസ്ത്രം ധരിച്ചതാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here