തിരുവനന്തപുരം • കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന പരാതിയിൽ സെക്യൂരിറ്റി എസ്പിയെ സ്ഥലംമാറ്റി. വിഐപി സന്ദർശനങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി എസ്പി എൻ. വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.
രാഷ്ട്രപതിയുടെ 4 ദിവസത്തെ കേരള സന്ദർശനത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെത്തിയിരുന്നു. അന്നു വൈകിട്ട് ഭാര്യയുമൊത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ക്ഷേത്രാചാരങ്ങളെക്കുറിച്ചും മറ്റും വിശദീകരിക്കാൻ ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ക്ഷേത്രം പ്രതിനിധികൾ വിശദീകരിക്കുന്നതിനിടെ എസ്പി ഇടപെട്ട് സംസാരിച്ചെന്നാണ് ആക്ഷേപം. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും എസ്പി വിശദീകരണം തുടർന്നു. പിന്നീട് രാഷ്ട്രപതി മറ്റൊരു മുറിയിൽ വിശ്രമിച്ചപ്പോൾ എസ്പി അവിടെയെത്തിയും ക്ഷേത്രകാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. തന്നെ ആശയക്കുഴപ്പത്തിലാക്കരുതെന്നു രാഷ്ട്രപതിക്കു തന്നെ പ്രതികരിക്കേണ്ടി വന്നുവെന്നാണ് വിവരം .
ഇൗ സംഭവം രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തിന് അലോസരമുണ്ടാക്കി. രാഷ്ട്രപതി ഡൽഹിയിൽ എത്തിയതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ടു േകന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചു. ഇത്തരം സംഭവങ്ങൾ സുരക്ഷാ വീഴ്ചയായി പരിഗണിക്കുമെന്നും ആവർത്തിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തുടർന്നാണു നടപടി. നഗരത്തിൽ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്കു തിരുവനന്തപുരം മേയറുടെ കാർ ഓടിച്ചു കയറ്റിയതും അന്ന് സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാട്ടിയിരുന്നു.