‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റ് കേരളത്തിലും വ്യാപക മഴ സാധ്യത

0
70

നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന ‘അസാനി’ തീവ്രമായി മാറി അടുത്ത ദിവസങ്ങളിൽ ശക്തി കുറയുമെന്നാണു പ്രവചനം. 120 കിലോമീറ്റർ വരെ വേഗം ആർജിച്ച് ഉത്തര ആന്ധ്ര–ഒഡീഷ തീരത്തോടടുത്ത ശേഷം ശക്തി കുറഞ്ഞ് ഇന്നു രാത്രിയോടെ വടക്കുദിശയിലേക്കു തിരിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

വൈകുന്നേരം വിശാഖപട്ടണം തീരത്തുനിന്ന് ദിശമാറി, ബംഗ്ലദേശ് ലക്ഷ്യമാക്കി നീങ്ങുന്ന ‘അസാനി’ 24 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നു പരക്കെ മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരും. ഇന്നു മധ്യ, തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. കാറ്റും ഉണ്ടായേക്കും. ‘അസാനി’യുടെ സ്വാധീനം ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ബംഗാൾ ഉൾക്കടലിലേക്കു മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നിലവിൽ ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽനിന്ന് 300 കിലോമീറ്റർ അകലെയും വിശാഖപട്ടണത്തിൽനിന്ന് 300 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ‘അസാനി’ തീരം തൊടില്ല. ആന്ധ്ര–ഒഡീഷ തീരത്ത് കനത്ത മഴയുണ്ടാകും. ഒഡീഷയിലെ 4 തീരദേശ ജില്ലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കും. ചുഴലിക്കാറ്റ് ഒഡീഷയിലോ ആന്ധ്രയിലോ കര തൊടില്ലെന്നും കിഴക്കൻ തീരത്തേക്കു സമാന്തരമായി നീങ്ങി കനത്ത മഴയ്ക്കു കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here