ആത്മാർത്ഥ സുഹൃത്തിനെ കൈവിടാതെ ട്രംപ് : നരേന്ദ്ര മോദിക്ക് ലെജിയന്‍ ഓഫ് മെരിറ്റ്’ പുരസ്‌കാരം

0
77

വാഷിങ്ടന്‍: അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ ‘ലെജിയന്‍ ഓഫ് മെരിറ്റ്’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച്‌ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ താരഞ്ചിത് സിങ് സന്ധു മോദിക്ക് വേണ്ടി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ ഒബ്രിയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

 

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് മോദിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.യുഎസ്- ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുന്നതില്‍ വഹിച്ച നേതൃത്വത്തിനാണ് പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ട്രംപ് ലെജിയന്‍ ഓഫ് മെരിറ്റ് സമ്മാനിച്ചതെന്ന് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലും ട്വീറ്റ് ചെയ്തിട്ടുണ്ട്.ലെജിയന്‍ ഓഫ് മെരിറ്റിലെ ഏറ്റവും ഉയര്‍ന്ന ചീഫ് കമാന്‍ഡര്‍ ഡിഗ്രി ബഹുമതിയാണ് നരേന്ദ്ര മോദിക്ക് നല്‍കിയത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രത്തലവന്‍മാര്‍ക്കോ സര്‍ക്കാരിനോ നല്‍കുന്ന പുരസ്‌കാരമാണിത്. മോദിക്ക് പുറമേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനും മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും ട്രംപ് ലെജിയന്‍ ഓഫ് മെരിറ്റ് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും അഭാവത്തില്‍ ഇരു രാജ്യങ്ങളിലെയും അംബാസഡര്‍മാരാണ് പുരസ്‌കാരം സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here