മാത്യു ബെന്നിക്കും കുടുംബത്തിനും കൈത്താങ്ങായി ജയറാം.

0
71

തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത കുട്ടികർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും കൈത്താങ്ങായി നടൻ ജയറാം. മാത്യുവിന്റെ കുടുംബത്തെ ജയറാം സന്ദർശിക്കും. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായവും നടൻ നൽകും. തന്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനു വേണ്ടി മാറ്റിവെച്ച തുകയാണ് താരം കുടുംബത്തിന് നൽകുക.

അടുത്ത മാസം പതിനൊന്നിനാണ് ജയറാമിന്റെ പുതിയ ചിത്രം ഓസ്ലറിന്റെ ട്രെയിലർ ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള പണമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ കുടുംബത്തിന് നൽകുക.

ഇരുപത് വർഷമായി താനും പശുക്കളെ വളർത്തുന്നുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ ഫാമിലാണ് താൻ സമയം ചെലവഴിക്കാറ്. രണ്ടുതവണ ക്ഷിരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മാത്യുവിനും സഹോദരങ്ങൾക്കുമുണ്ടായ സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ട്. അവരുടെ വിഷമം തനിക്ക് മനസ്സിലാകും. അവരെ നേരിട്ട് കാണാൻ വേണ്ടി മാത്രമാണ് പോകുന്നതെന്നും ജയറാം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ പശുക്കൾ കൂട്ടത്തോടെ ചത്തുവീണത്.

പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടർന്നാണ് പശുക്കൾ ചത്തത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here