തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസിൽ പുതിയ അന്വേഷണ ഉദ്യാഗസ്ഥൻ ആരാണെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയോയെന്നും കോടതി ആരാഞ്ഞു. ഈ മാസം 19ന് മുമ്പായി ഡിജിപി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹർജി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്ന് ശ്രീജിത്തിനെ നീക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ഹർജി. സ്ഥലം മാറ്റനടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്. ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
തന്റെ സ്ഥലം മാറ്റത്തെച്ചൊല്ലിയുളള വിവാദം അനാവശ്യമാണെന്ന് എഡിജിപി എസ് ശ്രീജിത്ത് നേരത്തേ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായി മുന്നോട്ടുപോകും. അന്വേഷണ സംഘം മാറിയിട്ടില്ല, ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രതികളും ഇക്കാര്യം മനസിലാക്കണമെന്നും എസ് ശ്രീജിത്ത് ഗതാഗത കമ്മിഷണറായി ചുമതലയേറ്റശേഷം വ്യക്തമാക്കിയിരുന്നു. സർവീസിൽ ആദ്യമായാണ് ശ്രീജിത്തിനെ പൊലീസ് സേനയ്ക്കു പുറത്തു നിയമിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും അന്വേഷണ സംഘത്തിനു നേരെ പലതവണ ആരോപണങ്ങളുണ്ടായിട്ടുണ്ട്. അന്വേഷണം തുടർ പ്രക്രിയയായതിനാൽ തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. തനിക്കെതിരെ പരാതി പറയാൻ പ്രതികൾക്ക് അവകാശമുണ്ട്. പുതിയ ചുമതലയെ പോസിറ്റിവായി കാണുന്നതായും എസ് ശ്രീജിത്ത് പറഞ്ഞിരുന്നു.