കൊച്ചി• ‘‘എന്‍റെ കയ്യും കാലും തളര്‍ന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാന്‍ പറ്റിച്ചു എന്നു പറഞ്ഞാണ് വാര്‍ത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു.’’- ധര്‍മൂസ് ഫിഷ് ഹബിന്‍റെ മറവില്‍ താന്‍ പണം തട്ടിയെന്ന വാര്‍ത്തയറിഞ്ഞു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിക്കുന്നു. ഇത് വ്യാജവാര്‍ത്തയാണ്. ഇതുവരെ ഒരാളുടെ എങ്കിലും കയ്യില്‍നിന്നു പണം വാങ്ങിയതിന്‍റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ പലിശ സഹിതം തിരിച്ചു നല്‍കും. തനിക്കെതിരെ വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസുകൊടുക്കുമെന്നും ധര്‍മജന്‍ പറഞ്ഞു. ‘‘ഒരാള്‍ക്കു പൈസ കൊടുക്കാനുണ്ടെങ്കില്‍ അതിനൊരു തെളിവു വേണ്ടേ? ഇതൊന്നുമില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജീവിതത്തില്‍ ഒരാള്‍ക്കും ഞാനങ്ങോട്ടു പൈസ കൊടുക്കാനില്ല. കടകള്‍ ഉദ്ഘാടനം ചെയ്തുകൊടുത്തു നല്ല മനസ്സോടെ ചെയ്ത പരിപാടിയാണിത്. കുറേ പേര്‍ അതുകൊണ്ടു ജീവിക്കുമല്ലോ എന്നു കരുതിയാണ് ചെയ്തത്. ഈ കേസില്‍ വ്യവഹാരപരമായി ഒരു പങ്കാളിയില്ല. ഒരു അഞ്ചു രൂപ പോലും കൊടുക്കാനുണ്ടെന്നു തെളിയിക്കാന്‍ പറ്റിയാല്‍ മാത്രമേ എന്‍റെ പേരില്‍ വാര്‍ത്ത കൊടുക്കുന്നതില്‍ ശരിയുള്ളൂ. ഇതുവരെ ഒരാളുടെയും അഞ്ചു പൈസ പോലും വെട്ടിച്ചിട്ടില്ല. ആര്‍ക്കും കൊടുക്കാനുമില്ല. പലരും ഇങ്ങോട്ടു തരാനേയുള്ളൂ. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്നു മനസ്സിലാകുന്നില്ല. പൈസ വാങ്ങിയാല്‍ മാത്രമല്ലേ കുറ്റമുള്ളൂ? മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര്‍ ബ്രാന്‍ഡിന്‍റെ പേരില്‍ നടക്കുന്നുണ്ട്. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരെ കേസു കൊടുക്കുകയാണോ ചെയ്യുന്നത്? അതല്ലല്ലോ ന്യായം. പൈസ വാങ്ങിയവര്‍ക്കെതിരെ അല്ലേ രേഖകള്‍ ഉള്ളത്, എനിക്കല്ലല്ലോ അവര്‍ പണം തന്നത്. രേഖകളും എനിക്കെതിരല്ല.