ഒരു വിഭവം തയ്യാറാക്കി കഴിഞ്ഞാൽ അടുത്തഘട്ടം അതിന്റെ രുചി നോക്കലാണ്. ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനായോ എന്നറിയുന്നതിന് പാചകത്തിൽ ഇത് ഏറെ പ്രധാനപ്പെട്ട ഘട്ടമാണ്. പാചകത്തിലും ഭക്ഷണം വിളമ്പുന്നതിനുമെല്ലാം റോബോട്ടിക്സ് ഉൾപ്പടെയുള്ള പുത്തൻ സാങ്കേതിക വിദ്യകൾ പരീക്ഷിച്ചു നോക്കുന്ന കാലഘട്ടമാണിത്. ഹോട്ടലുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സർവസാധാരണമാണ്. ഇപ്പോഴിതാ ഭക്ഷണത്തിന്റെ രുചി നോക്കുന്നതിന് റോബോട്ടിനെ ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
യു.കെയിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയും വീട്ടുപകരണങ്ങളുണ്ടാക്കുന്ന ഒരു സ്ഥാപനവും സഹകരിച്ചാണ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. വിഭവത്തിന്റെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിന് സഹായിക്കുന്നതിനും ഈ റോബോട്ടിന് കഴിയും. ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ ഓരോ ഘട്ടത്തിലും ലഭിക്കുന്ന ഉപ്പിന്റെയും മറ്റും അളവ് മനസ്സിലാക്കാൻ ഈ റോബോട്ട് ഷെഫിന് കഴിയുമെന്ന് കേംബ്രിജ് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു. ഫ്രണ്ടിയേഴ്സ് ഇൻ റോബോട്ടിക്സ് ആൻഡ് എ.ഐ. എന്ന ജേണലിൽ പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യരുടെ ആസ്വാദനരീതിയനുസരിച്ച് ഓംലറ്റ് തയ്യാറാക്കാൻ ഈ റോബോട്ടിന് പരിശീലനം കൊടുത്തതായും യൂണിവേഴ്സിറ്റി വ്യക്തമാക്കി. മുട്ടയും തക്കാളിയും ചേർത്തുള്ള വ്യത്യസ്തമായ ഒൻപത് വിഭവങ്ങളാണ് ഈ റോബോട്ട് തയ്യാറാക്കിയത്. അതേസമയം, ഈ റോബോട്ട് വ്യത്യസ്തമായ മൂന്ന് രീതികളിലാണ് ഭക്ഷണം ചവച്ച് അരയ്ക്കുക. ഇത് അനുസരിച്ചാണ് വിഭവങ്ങളുടെ ‘ടേസ്റ്റ് മാപ്പ്’ തയ്യാറാക്കുന്നത്.
ഇത്തരത്തിൽ ടേസ്റ്റ് മാപ്പ് തയ്യാറാക്കുമ്പോൾ വിഭവത്തിലടങ്ങിയിരിക്കുന്ന ഉപ്പും മസാലയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം മനസ്സിലാക്കാനുള്ള റോബോട്ടിന്റെ കഴിവ് മെച്ചപ്പെട്ടതായി പഠനത്തിൽ വ്യക്തമാക്കുന്നു. വീടുകളിൽ പാചകം ചെയ്യുമ്പോൾ രുചി നോക്കുന്നത് സാധാരണമാണ്. പാചകം ചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് പരിശോധിച്ച് നോക്കുന്നതാണ് രുചി കൃത്യമായി മനസ്സിലാക്കുന്നതിനുള്ള ശരിയായ രീതി. ഭക്ഷണം തയ്യാറാക്കുന്ന വേളയിൽ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ടെങ്കിൽ, തയ്യാറാക്കുന്ന വിഭവങ്ങൾ രുചിച്ചുനോക്കാൻ അവയ്ക്ക് കഴിയുന്നുണ്ടോയെന്നതും പ്രധാനപ്പെട്ടകാര്യമാണ്-യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ഗവേഷകൻ ചൂണ്ടിക്കാട്ടി.